കോന്നി : മലയോരത്തിന്റെ ടൂറിസം മേഖലയ്ക്ക് ഏറെ ഗുണം ചെയ്യുന്ന എലിഫന്റ് മ്യൂസിയം വനംവകുപ്പ് മന്ത്റി കെ.രാജു നാടിന് സമർപ്പിച്ചു. കോന്നി ആന പരിപാലന കേന്ദ്രം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് മ്യൂസിയം ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു. കോന്നിയുടെ പൊതു വികസനമാണ് സർക്കാർ ലക്ഷ്യം. ആന പരിപാലന രംഗത്ത് കോന്നിയുടെ സംഭാവന വളരെ വലുതാണെന്നും ആന മ്യൂസിയം ടൂറിസം രംഗത്ത് മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ ആദ്യ എലിഫന്റ് മ്യൂസിയം കോന്നിയിൽ ദ്രുതഗതിയിൽ യാഥാർത്ഥ്യമാക്കിയത് സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണെന്ന് അദ്ധ്യക്ഷത വഹിച്ച അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ആനയുമായി ബന്ധപ്പെട്ട വിജ്ഞാനം ജനങ്ങൾക്ക് പകർന്നു നൽകാനും കോന്നിയുടെ ആന ചരിത്രം അറിയാനും കഴിയുന്ന നിലയിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കിയാണ് ആന മ്യൂസിയം തയാറാക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 100 ദിന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചിട്ടുള്ള മ്യൂസിയത്തിനു വേണ്ടി 35 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. കോന്നി ആനത്താവളത്തിലെത്തുന്ന സഞ്ചാരികൾക്ക് ആന മ്യൂസിയം പുതിയ അനുഭവമാകും. ആനയെ സംബന്ധിച്ച് കുട്ടികൾക്ക് അറിവ് പകർന്നു നൽകാനുള്ള സംവിധാനങ്ങളും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
എലിഫന്റ് മ്യൂസിയം കോന്നിയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് മുതൽകൂട്ടാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.സുരേന്ദ്രകുമാർ, ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാർ, ഡി.എഫ്.ഒമാരായ ടി.സി.ത്യാഗരാജ്, പി.കെ.ജയകുമാർ ശർമ്മ, കെ.എൻ. ശ്യാം മോഹൻലാൽ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്തംഗം ജിജി സജി, ഗ്രാമപഞ്ചായത്തംഗം സിന്ധു സന്തോഷ്, തുടങ്ങിയവർ പങ്കെടുത്തു.