അടൂർ: വിവിധ പട്ടികജാതി സംഘടനകൾ ചേർന്ന് രൂപം നല്കിയതായി പറയപ്പെടുന്ന സിദ്ധനർ - കുറവർ ജനാധിപത്യ സംയുക്ത സമിതിക്ക് അഖില തിരുവിതാംകൂർ കുറവർ മഹാസഭയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജി.അശോകൻ, രജിസ്ട്രാർ എം.കെ.പൊടിയൻ, ഓഡിറ്റർ കെ.ശാന്തകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. കുറവർ മഹാസഭയ്ക്ക് ഏതെങ്കിലും ജനാധിപത്യ സമിതിയുമായോ ഇതര സംഘടനകളുമായോ യാതൊരു ബന്ധവും ഇല്ലെന്നും സംഘടനയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് ഉത്തരവാദിത്തപ്പെട്ട ഭരണ സമിതികളുമുള്ള സംഘടനയാണ്. ഏതെങ്കിലും സഖ്യങ്ങളിൽ ചേർന്ന് പ്രവർത്തിക്കുന്നതിനെ സംബന്ധിച്ച് സംഘടനയുടെ ഒരു തലത്തിലും ചർച്ച ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പട്ടികജാതി സംഘടനയിലെ ചില നേതാക്കൾ നടത്തുന്ന ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ മറ്റ് ചില താല്പര്യങ്ങളാണ്. സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ടവരാണ് സംഘടനയുടെ പേര് ദുരുപയോഗം ചെയ്ത് തെറ്റിദ്ധാരണ പരത്തുന്നത്. ഇവർക്കെതിരെ അഖില തിരുവിതാംകൂർ കുറവർ മഹാസഭ നിയമ നടപടി സ്വീകരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.