തിരുവല്ല: കുറ്റൂർ ജംഗ്ഷനിൽ ഉൾപ്പെടെ പതിവായിരുന്ന വെള്ളക്കെട്ടിന് പരിഹാരമായി നിർമ്മിക്കുന്ന കറുത്താലിൽ പാലത്തിലെ ഷട്ടറിന്റെ പണികൾ പൂർത്തിയായി. ഉന്നത നിലവാരത്തിൽ പുനർ നിർമിക്കുന്ന കുറ്റൂർ - മനയ്ക്കച്ചിറ റോഡിൽ മണിമലയാറിന്റെ കൈവഴിയായ മധുരംപുഴ ചാലിന് കുറുകെയാണ് കറുത്താലിൽ ഭാഗത്താണ് ഷട്ടർ സ്ഥാപിച്ചിരിക്കുന്നത്. മാത്യു ടി. തോമസ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 17.5 ലക്ഷം രൂപ ചെലവഴിച്ചാണ് ഷട്ടർ നിർമ്മിച്ചത്. ഷട്ടർ നിർമ്മിച്ചതോടെ മഴക്കാലത്ത് മണിമലയാറ്റിൽ നിന്നുള്ള വെള്ളം കുറ്റൂർ ജംഗ്ഷനിലേക്ക് എത്തുന്നത് തടയാനും. മധുരംപുഴ ചാലിലേക്കുള്ള ജലസേചനം സുഗമമാകാനും ഇടയാക്കും. ഷട്ടറിന്റെ ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ ഇന്ന് വൈകിട്ട് നാലിന് നിർവഹിക്കും. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി സഞ്ചു അധ്യക്ഷത വഹിക്കും.