പത്തനംതിട്ട : ആവേശത്തിന്റെ കാപ്പൊലിക്ക് ശേഷം ഈ...... ഓ..... എന്ന് കളത്തിലേക്ക് അലറിവിളിച്ച് അരുളപ്പാടുകൾ നൽകിയ ഒരു പടേനിക്കാരൻ കൂടി വിടവാങ്ങി. പടേനി എന്ന അനുഷ്ഠാന കലാരൂപത്തിന്റെ വളർച്ചയ്ക്കും പ്രചാരത്തിനും നിസ്തുലമായ സംഭാവന നൽകിയ കളരി സംഘാടകരിൽ പ്രധാനിയായിരുന്നു ഇന്നലെ അന്തരിച്ച ജി. വിജയനാചാരി.
കടമ്മനിട്ട പടേനിയിൽ കാലങ്ങളായി വെളിച്ചപ്പാട് എന്ന അനുഷ്ഠാനവും ഹാസ്യാത്മകമായ വിനോദ രൂപം അവതരിപ്പിക്കുകയും ചിരിയും ചിന്തയും കലർത്തിയ അവതരണത്തിലൂടെ ശ്രദ്ധേയനായി മാറുകയും ചെയ്ത പടയണി കലാകാരൻ. കടമ്മനിട്ട ഗോത്രകലാകളരിയുടെ ആദ്യകാല ജനറൽ സെക്രട്ടറിയും ഖജാൻജിയും കടമ്മനിട്ട കലാവേദി യുടെ നടനും കടമ്മനിട്ടയിലെ രാഷ്ട്രീയ കലാ സാംസ്‌കാരിക സംഘടനകളുടെ സജീവ പ്രവർത്തകനുമായിരുന്നു.
കഴിഞ്ഞ കുറെകാലങ്ങളായി അവശതയിൽ ആയിരുന്നെങ്കിലും ഭഗവതിയുടെ കളത്തിൽ വെളിച്ചപ്പാടായി ഇറങ്ങുവാനും ചുവടുകൾ വയ്ക്കുവാനും ഒരുക്കമായിരുന്നു.
മേലേത്തറയിൽ രാമൻ നായർ ആശാൻ, മേലേത്തറയിൽ ഭാസ്‌കരൻ ആശാൻ, കുട്ടപ്പപണിക്കർ ആശാൻ എന്നിവരായിരുന്നു ഗുരുക്കൻമാർ.
അന്തരിച്ച കവി കടമ്മനിട്ട രാമകൃഷ്ണൻ, പടേനി കളരിയിലെ സഹപാഠിയായ പ്രൊഫ. കടമ്മനിട്ട വാസുദേവൻ പിള്ള, കടമ്മനിട്ട ഗോത്രകലാകളരി സെക്രട്ടറി കടമ്മനിട്ട പ്രസന്നകുമാർ എന്നിവരോടൊപ്പം കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികൾ പങ്കിട്ടു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും.