
പത്തനംതിട്ട : ന്യായമായ വില ലഭിക്കാതെ വന്നതോടെ ആത്മഹത്യയുടെ വക്കിലാണ് ഇഞ്ചിക്കർഷകർ . വെറ്റക്കൊടി, വാഴ, കിഴങ്ങ് വിളകൾ, കുരുമുളക്, റബർ എന്നിവയ്ക്കും വിലത്തകർച്ചയാണ്.
അയൽ സംസ്ഥാനങ്ങളിൽ നിന്ന് യാതൊരു പരിശോധനയും ഇല്ലാതെ വ്യാപകമായി എത്തുന്ന കാർഷിക ഉല്പന്നങ്ങളാണ് നാട്ടിലെ വിപണിയെ തകർക്കുന്നത്. വയനാടൻ ഇഞ്ചിയും ധാരാളം ജില്ലയിലേക്ക് എത്തുന്നുണ്ട്. ഒരു കിലോ വയനാടൻ ഇഞ്ചിക്ക് 16 രൂപയാണ്. ചില്ലറക്കച്ചവടക്കാർ 60 കിലോയുളള ഒരു ചാക്ക് വയനാടൻ ഇഞ്ചി 1000 രൂപയ്ക്ക് വാങ്ങുകയാണിപ്പോൾ. ജില്ലയിലെ വിപണികളിലേറെയും ഈ ഇഞ്ചിയാണ് വിൽക്കുന്നത്.
ഇഞ്ചിയുടെ വിളവെടുപ്പ് സമയമായപ്പോൾ വാങ്ങാൻ ആവശ്യക്കാർ ഇല്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ ചില പ്രധാന ചന്തകളിൽ കർഷകർ ഇഞ്ചിയുമായി വിൽപ്പനയ്ക്ക് എത്തിയെങ്കിലും വാങ്ങാൻ ആളില്ലായിരുന്നു. നാട്ടിലെ ഇഞ്ചി വാങ്ങാൻ കച്ചവടക്കാർ മടിക്കുകയാണ്. ഉണക്കി ചുക്കാക്കാനും ആർക്കും താല്പര്യമില്ല. മലയോരത്തെ പലകൃഷിയിടങ്ങളിലും കാട്ടുപന്നികൾ കുത്തിമറിച്ചു ഇഞ്ചി നശിപ്പിക്കുകയാണ്.
ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകർക്ക് ഇഞ്ചി കിളച്ചെടുക്കാനുള്ള കൂലി പോലും ഇപ്പോൾ ലഭിക്കുന്നില്ല. റബർ മരങ്ങൾ വെട്ടിമാറ്റിയ സ്ഥലങ്ങളിൽ പലരും ഇഞ്ചി കൃഷി ചെയ്തിട്ടുണ്ട്.
ഒരു കിലോ ചുക്കിന് 250 രൂപ
ഒരു കിലോ ചുക്കിന് 250 രൂപ വരെ വിലയുണ്ട് . മൂന്നര കിലോ ഇഞ്ചി ഉണക്കിയാൽ മാത്രമേ ഒരു കിലോ ചുക്കെങ്കിലും ലഭിക്കുകയുള്ളു. ഇഞ്ചി ചുരണ്ടുന്ന ജോലിക്ക് നാട്ടിൻ പുറങ്ങളിൽ തൊഴിലാളികളെ കിട്ടാനില്ല.
കൊവിഡും തിരിച്ചടിയായി
കൊവിഡ് മുഖാന്തരം വന്ന നിയന്ത്രണങ്ങളാണ് വിലയിടിവിന് പ്രധാന കാരണം. വിവിധ ആഘോഷങ്ങളുമായി ബന്ധപ്പെട്ട സദ്യകൾക്ക് ധാരാളമായി ഇഞ്ചി വേണമായിരുന്നു. ഹോട്ടലുകൾ അടച്ചതും വിവാഹങ്ങളും ഉത്സവങ്ങളും പെരുന്നാളുകളും കുറഞ്ഞതും തിരിച്ചടിയായി.
ഇഞ്ചിവില (1കിലോയ്ക്ക്)
കഴിഞ്ഞ സീസണിൽ : 250 - 350 രൂ
ഇത്തവണ : 40 - 50 രൂ
---------------------------------
"കർഷകരുടെ ഉൽപന്നങ്ങൾ സർക്കാർ ഹോർട്ടി കോർപ്പു മുഖാന്തരം ശേഖരിക്കണം. താങ്ങുവില നൽകി കർഷകരെ സംരക്ഷിക്കണം."
ഗീവർഗീസ് തറയിൽ
കൺവീനർ,
മൈലപ്ര കർഷക കൂട്ടായ്മ