തിരുവല്ല: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് പത്തനംതിട്ട ജില്ലയിലേക്ക് ആവേശോജ്ജ്വല സ്വീകരണം നൽകി. ചെങ്ങന്നൂരിൽ നിന്ന് തിരുവല്ലയിലെത്തിയ യാത്രയെ എസ്.സി.എസ് ജംഗ്‌ഷനിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സമ്മേളനവേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും ജാഥയുടെ വിളംബരം അറിയിക്കുന്ന വേഷങ്ങൾ ധരിച്ചെത്തിയ കെ.എസ്.യു, യൂത്ത് കോൺഗ്രസ്, വനിതാ സംഘം പ്രവർത്തകരും റാലിയിൽ അണിചേർന്നു. ആവേശത്തോടെ പ്രവർത്തകർ രമേശ് ചെന്നിത്തലയെ പൊക്കിയെടുത്താണ് സമ്മേളന വേദിയിലേക്ക് എത്തിച്ചത്. തുടർന്ന് നടന്ന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ജോണി നെല്ലൂർ, പന്തളം സുധാകരൻ, ബാബുജോർജ്ജ്, കെ.ശിവദാസൻ നായർ, വിക്ടർ ടി.തോമസ്, മാന്നാർ അബ്ദുൽ ലത്തീഫ്, എൻ.ശൈലാജ്, എ.ഷംസുദ്ദീൻ, കെ.ബാബുപ്രസാദ്‌, ലാലു തോമസ്, ആർ.ജയകുമാർ, കുഞ്ഞുകോശി പോൾ, ബിന്ദു ജയകുമാർ, ശോഭ വിനു, അനീഷ് വരിക്കണ്ണാമല, സതീഷ് ചാത്തങ്കരി എന്നിവർ പ്രസംഗിച്ചു. യു.ഡി.എഫ് പ്രകടന പത്രിക തയ്യാറാക്കുന്നതിനായി സമ്മേളനത്തിന് മുന്നോടിയായി വിവിധ മേഖലകളിലെ പ്രമുഖരുടെ അഭിപ്രായങ്ങൾ രമേശ് ചെന്നിത്തല സ്വീകരിച്ചു. കലാ കായിക, വ്യവസായ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു.

യു.ഡി.എഫ് നൂറിലധികം

സീറ്റുകൾ നേടും: പി.ജെ.ജോസഫ്


തിരുവല്ല: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ പി.ജെ.ജോസഫ് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മദ്ധ്യകേരളം പിടിച്ചടക്കിയെന്ന ജോസ് കെ.മാണിയുടെ വാദം ശുദ്ധകള്ളമാണ്. ഏറ്റുമാന്നൂർ മുതൽ തെക്കോട്ട് ഭൂരിഭാഗം മുനിസിപ്പാലിറ്റികളും ഭരിക്കുന്നത് യു.ഡി.എഫാണ്. പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.