 
അടൂർ: പള്ളിക്കൽ പഞ്ചായത്ത് പ്ളാസ്റ്റിക് രഹിതമാക്കുക എന്ന ലക്ഷ്യം മുന്നിട്ട് പഴകുളം കെ.വി.യു.പി സ്കൂൾ പരിസ്ഥിതി ക്ലബ് പുതിയ വിജയഗാഥ രചിക്കുന്നു. കൊവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനൊപ്പം വിദ്യാർത്ഥികളെ വിഷരഹിത പച്ചക്കറി വീട്ടുമുറ്റത്തും സമീപപ്രദേശങ്ങളിലെ വീടുകളിലും വിജയിച്ചെടുക്കാൻ വിജയകരമായ പദ്ധതി നടപ്പിലാക്കി വിജയം കണ്ടതിനു പിന്നാലെയാണ് പ്ലാസ്റ്റിക് രഹിത പ്രവർത്തനങ്ങൾക്കായുള്ള മറ്റൊരു ദൗത്യത്തിന് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ നിർവഹിച്ചു. രക്ഷിതാക്കളുടെ സഹകരണത്തോടെ ഇതിനായി നിർമ്മിച്ച നൂതന രീതിയിലുള്ള തുണി സഞ്ചികളുടെയും, പേപ്പർ ക്യാരി ബാഗുകളുടെയും വിതരണം പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് നിർവഹിച്ചു. കൊവിഡ് കാലഘട്ടത്തിൽ രക്ഷിതാക്കൾ സ്കൂളിലെത്തിയും, വീട്ടിലിരുന്നും തയ്ച്ചു തയാറാക്കിയതാണ് മനോഹരമായ പേഴ്സ് രൂപത്തിലുള്ള സഞ്ചികൾ,ഒപ്പം സ്കൂളിന്റെ പേരോടു കൂടിയപേപ്പർ ക്യാരി ബാഗുകളും നിർമ്മിച്ചു. ഇവ കുറഞ്ഞ ചെലവിൽ നിർമ്മിച്ച് ആവശ്യക്കാർക്കും കടകൾക്കും നൽകാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങളിലൂടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം വൻതോതിൽ കുറയ്ക്കാൻ കഴിയുമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് കവിതാ മുരളി അഭിപ്രായപ്പെട്ടു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് എസ്.ആർ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കവിതാ മുരളി സ്വാഗതവും, പ്രോഗ്രാം കോ- ഓർഡിനേറ്റർ കെ.എസ്.ജയരാജ് പദ്ധതി വിശദീകരണവും നടത്തി. അദ്ധ്യാപകരായ ലക്ഷമീരാജ്, ഐ.ബസീം, ബീനാ.വി, സ്മിതാ.ബി, ശാലിനി.എസ്,രക്ഷിതാക്കളായ,ഗിരിജാശശാങ്കൻ, അശ്വതി.എസ്.ജി അമ്പിളിരതീഷ്.എസ്.ഷിംല, ആര്യാ.എസ് എന്നിവർ സംസാരിച്ചു.