തിരുവല്ല: തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലെ സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്ത് ഇന്ന് രാവിലെ 9.30ന് തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ ആരംഭിക്കും. രാവിലെ തിരുവല്ല താലൂക്കിൽ നിന്നുള്ളവർക്കും ഉച്ചകഴിഞ്ഞ് മല്ലപ്പള്ളി താലൂക്കിൽ നിന്നുള്ളവർക്കും പങ്കെടുക്കാം. മന്ത്രിമാരായ എ.സി. മൊയ്തീൻ, എ.കെ.ശശീന്ദ്രൻ, എം.എൽ.എമാരായ അഡ്വ. മാത്യു ടി തോമസ്, രാജു എബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, തിരുവല്ല നഗരസഭാ അദ്ധ്യക്ഷ ബിന്ദു ജയകുമാർ, എ.ഡി.എം ഇ. മുഹമ്മദ് സഫീർ, തിരുവല്ല ആർ.ഡി.ഒ: പി.സരേഷ് തുടങ്ങിയവർ പങ്കെടുക്കും.
ഉദ്യോഗസ്ഥരും ജനങ്ങളും മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യണം. മാസ്‌ക്, സാനിറ്റൈസർ എന്നിവ നൽകാൻ അദാലത്തിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ചികിത്സാ ധനസഹായത്തിനായി അദാലത്തിലേക്ക് ഓൺലൈനായി അപേക്ഷകൾ നൽകിയിട്ടില്ലാത്ത, അദാലത്ത് വേദിയിൽ പുതിയ അപേക്ഷ സമർപ്പിക്കാൻ എത്തുന്നവർ ആറു മാസത്തിനുള്ളിൽ ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ നിർബന്ധമായും കൊണ്ടുവരണം. 60 വയസിന് മുകളിൽ പ്രായമുള്ളവർ, കിടപ്പുരോഗികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ അദാലത്തിൽ പങ്കെടുക്കേണ്ടതില്ല. ഇവരുടെ പ്രതിനിധികൾക്ക് പങ്കെടുക്കാം. ഓൺലൈനിലൂടെ പരാതി സമർപ്പിച്ചവരിൽ ഹാജരാകണമെന്ന് നിർദേശം ലഭിച്ചവർക്കും പങ്കെടുക്കാം.
അപേക്ഷ സമർപ്പിച്ചവരിൽ മറുപടി ലഭിച്ചിട്ടില്ലാത്തവർ ഓഡിറ്റോറിയത്തിന് മുൻപിലുള്ള പന്തലിൽ താപനില പരിശോധിച്ച ശേഷം ഉദ്യോഗസ്ഥർ ക്രമീകരിച്ചിരിക്കുന്ന സ്‌ക്രീനിംഗിൽ പങ്കെടുക്കണം. ഇവിടെ നിന്നും നടപടി പൂർത്തിയായ പരാതികൾ, കാലതാമസമുള്ള പരാതികൾ, പുതുതായി രജിസ്റ്റർ ചെയ്യേണ്ട പരാതികൾ, മന്ത്രിമാരെ കണ്ട് അവതരിപ്പിക്കേണ്ട പരാതികൾ തുടങ്ങിയവയ്ക്ക് മറുപടി ലഭിക്കും. കുടുംബശ്രീയുടെ ലഘുഭക്ഷണ ശാല പ്രവർത്തിക്കും.