മാരാമൺ: ഭാരതത്തിൽ വർഗീയതയും മതമൗലീകവാദവും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ എക്യുമെനിസത്തിന് പ്രസക്തി ഏറെയാണെന്നും പരസ്പരം സ്‌നേഹിക്കുന്നതിലാണ് ദൈവീകത ഉള്ളതെന്നും സീറോ മലബാർ കത്തോലിക്കാ സഭ മെത്രാപ്പൊലീത്ത മാർ ആൻഡ്രൂസ് താഴത്തേതിൽ അഭിപ്രായപ്പെട്ടു.
മാരാമൺ കൺവെൻഷനിൽ ഇന്നലെ രാവിലെ നടന്ന എക്യുമെനിക്കൽ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ സന്ദേശമാണ് ഐക്യപ്പെടൽ. ഇത് കണ്ടെത്തുകയും സംരക്ഷിക്കുകയും വേണം. വെല്ലുവിളികൾ കണ്ട് മടങ്ങുകയല്ല. അവ സാദ്ധ്യമാക്കാൻ കഴിയേണ്ടതുണ്ട്. വിവേകം ഉണ്ടാകുന്നതോടെ ബുദ്ധിയും യുക്തിയും ഉണ്ടാകും. അതിന് വചനം കേൾക്കുകയും പ്രാവർത്തികമാക്കുകയും വേണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
മതവും വർഗീയതയും വിഭജിക്കപ്പെട്ട ലോകമാണ് ഇന്നുള്ളതെന്ന് അധ്യക്ഷനായിരുന്ന ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. യോഗത്തിൽ പരിസ്ഥിതി പ്രവർത്തക ദയാഭായ് പങ്കെടുത്തു. സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ.ജോർജ് ഏബ്രഹാം കൊറ്റനാട് സ്വാഗതം പറഞ്ഞു.

മാരാമണ്ണിൽ ഇന്ന്

രാവിലെ 7.30 ന് ബൈബിൾ ക്ലാസ് റവ. ഡോ.റൂബൻ മാർക്ക് . 9.30ന് മുഖ്യപ്രഭാഷണം ബിഷപ്പ് സാബു കെ.ചെറിയാൻ, അദ്ധ്യക്ഷൻ: ഡോ. മാത്യൂസ് മാർ മക്കാറിയോസ്, വൈകിട്ട് 5ന് മുഖ്യപ്രഭാഷണം : റവ.ഡോ. റൂബൻ മാർക്ക്, അദ്ധ്യക്ഷൻ: ഡോ. ഗ്രിഗോറിയോസ് മാർ സ്‌തെഫാനോസ്.