
കോഴഞ്ചേരി: വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ ജില്ലയിൽ ആരംഭിക്കുന്നത് 57 ജനകീയ ഹോട്ടലുകൾ . 53 പഞ്ചായത്തുകളിലും 4 നഗരസഭകളിലും ഹോട്ടലുകൾ തുടങ്ങാനാണ് കുടുംബശ്രീ ജില്ലാ മിഷൻ ലക്ഷ്യമിടുന്നത്. 45 ഹോട്ടലുകൾ പ്രവർത്തനം തുടങ്ങി.
പന്തളം തെക്കേക്കര, പന്തളം നഗരസഭ, കോട്ടാങ്ങൽ, കോന്നി, ഏനാദിമംഗലം, കടമ്പനാട് എന്നിവിടങ്ങളിൽ അടുത്ത ദിവസം ഹോട്ടലുകൾ തുറക്കും. തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് നടത്തിപ്പ്.
പഞ്ചായത്തുകളിലും നഗരസഭകളിലും കുറഞ്ഞത് ഓരോ ഹോട്ടൽ വീതം തുടങ്ങണമെന്നാണ് സർക്കാർ നൽകിയ നിർദ്ദേശം. ആവശ്യമെന്ന് കണ്ടാൽ കുടുതൽ സ്ഥലങ്ങളിൽ ഹോട്ടൽ തുടങ്ങാനുള്ള അടിസ്ഥാന സൗകര്യം തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ കണ്ടെത്തി നൽകണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നുണ്ട്.
പദ്ധതിയിലൂടെ സംസ്ഥാനത്ത് ആരംഭിക്കുന്നത് 1000 ജനകീയ ഹോട്ടലുകളാണ്.
20 രൂപയ്ക്ക് സ്വാദിഷ്ടമായ ഉച്ചയൂണ് ലഭിക്കുന്ന പദ്ധതിയിൽ കുടുംബശ്രീയുടെ സഹകരണത്തോടെ സംസ്ഥാനത്ത് ഇതുവരെ 857 ജനകീയ ഹോട്ടലുകൾ തുറന്നു.
ലോക് ഡൗൺ കാലത്ത് തുടങ്ങിയ സമൂഹ അടുക്കളകളാണ് ചിലയിടങ്ങളിൽ ജനകീയ ഹോട്ടലുകളായി മാറിയത്.
ചോറിനൊപ്പം തോരനും 3 കൂട്ടം കറികളും ചേർത്തുള്ള ഊണിന് 20 രൂപയാമ് വില. പാഴ്‌സലിന് 25 രുപയും. മീൻ , ചിക്കൻ എന്നിവയ്ക്ക് അധികവില നൽകണം.
പദ്ധതി നടത്തിപ്പിന് ഗ്രാമപ്രദേശങ്ങളിൽ ജില്ലാ പഞ്ചായത്ത് 10,000 രൂപയും ബ്ലോക്ക് പഞ്ചായത്ത് 20,000 രൂപയും റിവോൾവിങ് ഫണ്ടായി നൽകേണ്ടതുണ്ട്.
. മികച്ച യൂണിറ്റുകൾക്ക് സബ്‌സിഡി നൽകുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഇൻ ചാർജ് എ.മണികണ്ഠൻ പറഞ്ഞു. ഈ ഇനത്തിൽ ഒന്നേമുക്കാൽ കോടി രൂപയാണ് ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്നത്. ജനകീയ ഹോട്ടൽ തുടങ്ങിയതിലുടെ ഒരു യൂണിറ്റിൽ നാല് മുതൽ അഞ്ചുവരെ പേർക്ക് സ്ഥിര വരുമാനം ഉറപ്പാക്കാനാവും. പുറത്തു നിന്നുള്ള ഓർഡറുകൾ സ്വീകരിക്കുന്നതിലൂടെ അധിക വരുമാനവും ലഭിക്കും.