കോന്നി : കോന്നി ഗവ. മെഡിക്കൽ കോളേജിന്റെ രണ്ടാംഘട്ട നിർമാണ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിക്കും. കിഫ്ബി മുഖേന 241.01 കോടി രൂപയാണ് രണ്ടാം ഘട്ട നിർമാണത്തിന് അനുവദിച്ചത്. . 2020 സെപ്തംബറിലാണ് മെഡിക്കൽ കോളേജ് ഒ.പി വിഭാഗം തുടങ്ങിയത്. 26 ഡോക്ടർമാർ ഉൾപ്പെടെ 286 തസ്തികകൾ അനുവദിച്ചു കൊണ്ട് മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സാ വിഭാഗവും കഴിഞ്ഞ ദിവസം ആരംഭിച്ചു . പ്രതിദിനം 50 ലക്ഷം ലി​റ്റർ ജലം സംഭരിക്കാവുന്ന ടാങ്കും നിർമിച്ചു.
അഡ്വ. കെ യു. ജനീഷ് കുമാർ എംഎൽഎയുടെ നിരന്തര ഇടപെടലും സംസ്ഥാന സർക്കാർ നടത്തിയ അതിവേഗ നടപടികളുമാണ് പണം അനുവദിച്ച് മൂന്ന് മാസത്തിനുള്ളിൽ രണ്ടാം ഘട്ട നിർമ്മാണം ആരംഭിക്കാൻ സഹായകമായത്. രണ്ടാം ഘട്ടം നിർമ്മിക്കുന്ന മന്ദിരത്തിലെ 200 കിടക്കകൾ ഉൾപ്പെടെ നിർമാണം പൂർത്തിയാകുമ്പോൾ 500 കിടക്കകൾ ഉള്ള ആശുപത്രിയായി കോന്നി മെഡിക്കൽ കോളേജ് മാറും. ആശുപത്രിയിലേക്ക് കൂടുതൽ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള പണവും ഉടൻ ലഭിക്കും.

200 കിടക്കകളുള്ള ആശുപത്രി ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഒരുങ്ങുന്നതെന്ന് അഡ്വ. കെ. യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഐസൊലേഷൻ വാർഡും ഇതിൽ ഉൾപ്പെടും.
അക്കാദമിക്ക് ബ്ലോക്കിന്റെ എക്സ്​റ്റൻഷൻ മൂന്ന് നിലയിൽ നിർമ്മിക്കും. അഞ്ച് നിലയിലുള്ള ആൺകുട്ടികളുടെ ഹോസ്​റ്റലിൽ 200 കുട്ടികൾക്കുള്ള താമസ സൗകര്യമാണ് തയ്യാറാക്കുന്നത്. 235 പേർക്ക് താമസ സൗകര്യമൊരുക്കുന്ന പെൺകുട്ടികളുടെ ഹോസ്​റ്റൽ അറ് നിലയിലാണ് നിർമിക്കുന്നത്.
11 നിലകളിൽ നിർമിക്കുന്ന ക്വാർട്ടേഴ്‌സിൽ എ, ബി, സി, ഡി എന്നീ നാല് വിഭാഗങ്ങൾ ഉൾപ്പെടുന്നു. ഓരോ വിഭാഗത്തിലും 40 അപ്പാർട്ട്‌മെൻറുകൾ വീതം ഉണ്ടാകും.1000 സീ​റ്റുകൾ ക്രമീകരിച്ചിട്ടുള്ള ഓഡി​റ്റോറിയവും നിർമിക്കും. മോർച്ചറിയും പോസ്​റ്റ്‌മോർട്ടം സൗകര്യങ്ങളും ക്രമീകരിച്ചിട്ടുള്ള ഓട്ടോപ്‌സി ബ്ലോക്ക്, ലോൺട്റി ബ്ലോക്ക് എന്നിവയും രണ്ടാം ഘട്ടത്തിൽ നിർമിക്കും.