tvla
എെശ്വര്യ കേരളയാത്രയ്ക്ക് തി​രുവല്ലയി​ൽ നൽകി​യ സ്വീകരണം

പത്തനംതിട്ട: ആവേശം അലതല്ലിയ എെശ്വര്യ കേരളയാത്രയോടെ ജില്ലയിൽ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം. യാത്രാനായകൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പ്രവർത്തകർ ഉജ്വല വരവേൽപ്പ് നൽകി. ചെണ്ടമേളങ്ങളും വാദ്യഘോഷങ്ങളും മുത്തുക്കുടകളും ആർപ്പുവിളികളുമായി ആയിരങ്ങൾ സ്വീകരണ കേന്ദ്രങ്ങളെ കിടിലം കൊള്ളിച്ചു.

ഇന്നലെ രാവിലെ തിരുവല്ലയിൽ നിന്നായിരുന്നു ജില്ലയിലെ പ്രയാണം. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തിയ യാത്ര രാത്രി എട്ടുമണിയോടെ പത്തനംതിട്ടയിൽ സമാപിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ കടന്നാക്രമണം നടത്തിയും യു.ഡി.എഫ് പ്രവർത്തനങ്ങളെ ചലനാത്മകമാക്കിയുമായിരുന്നു യാത്ര. സ്വീകരണ വേദികളിലേക്ക് പ്രവർത്തകർ ആവേശത്തോടെ തോളിലേറ്റിയാണ് രമേശ് ചെന്നിത്തലയെ എത്തിച്ചത്.

രാവിലെ ജില്ലയിലെ സാമൂഹിക, സാംസ്കാരക നേതാക്കളുമായി പ്രാതൽ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യാത്ര ആരംഭിച്ചത്. തിരുവല്ള വൈ.എം.സി.എ ജംഗ്ഷനിൽ ജില്ലാതല സ്വീകരണം നൽകി. തുടർന്ന് വള്ളംകുളം വഴി കോഴഞ്ചേരിയിലെത്തി. സി. കേശവൻ സ്ക്വയറിൽ പുഷ്പാർച്ചന നടത്തിയ ശേഷം റാന്നി ഇട്ടിയപ്പാറയിലെ സ്വീകരണ കേന്ദ്രത്തിലേക്ക്. ഉച്ചയ്ക്ക് ശേഷം മൈലപ്ര, കുമ്പഴ വഴി കോന്നിയിലെത്തിയപ്പോഴേക്കും രണ്ടു മണിക്കൂർ വൈകി. അവിടെ നിന്ന് പ്രമാടം, പൂങ്കാവ് വഴി അടൂരിലെ സ്വീകരണ കേന്ദ്രത്തിലേക്ക്. തുടർന്ന് ആനന്ദപ്പള്ളി, തട്ട വഴി പത്തനംതിട്ടയിൽ സമാപനം.