തിരുവല്ല: ജില്ലയിലെ ആദ്യ നഗര കുടുംബാരോഗ്യകേന്ദ്രം തിരുവല്ലയിൽ പ്രവർത്തനം തുടങ്ങി. നഗരസഭ 29-ാം വാർഡിൽ കാവുംഭാഗം -മുത്തൂർ റോഡരികിൽ അഞ്ചൽക്കുറ്റി ജംഗ്ഷന് സമീപമാണ് പുതിയ ആശുപത്രി . രണ്ട് ഡോക്ടർമാരും അഞ്ച് നഴ്സുമാരും ഉൾപ്പെടെ 15 പേരുടെ സേവനം ലഭ്യമാണ്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഒ.പി സൗകര്യമുണ്ടായിരിക്കും. ശിശുസൗഹൃദ കുത്തിവെയ്പ്പ് കേന്ദ്രം, ലാബ്,ഫാർമസി എന്നിവയുമുണ്ട്. കേന്ദ്ര ആരോഗ്യ മിഷന്റെ നേതൃത്വത്തിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 30ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ വിട്ടുനൽകിയ കെട്ടിടത്തിൽ അത്യാധുനിക സംവിധാനത്തോടെയുള്ള ആരോഗ്യ കേന്ദ്രത്തിന്റെ നിർമാണം നടത്തിയത്. ചികിത്സാ സൗകര്യങ്ങൾ പൂർണമായും സൗജന്യമാണ്. ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യമന്ത്രി കെ.കെ ശൈലജ മുഖ്യപ്രഭാഷണം നടത്തി. മാത്യു ടി തോമസ് എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ ഷീജ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ, വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്, കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ്, ശോഭ വിനു, ജിജി വട്ടശേരിൽ, റെജിനോൾഡ് വർഗീസ്, ശ്രീജ കരിമ്പുംകാല,ജോസ് പഴയിടം, മാത്യു ചാക്കോ, മിനി പ്രസാദ്,രാഹുൽ ബിജു,മാത്യൂസ് ചാലക്കുഴി,പൂജ ജയൻ,വിജയൻ തലവന,ഷീല വർഗീസ്, പ്രദീപ് മമ്മൻ മാത്യു,സജി എം.മാത്യു എന്നിവർ പ്രസംഗിച്ചു.