 
റാന്നി: ജനങ്ങളുടെ സ്വപ്നങ്ങൾ തകർത്ത സർക്കാരുകളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയുടെ റാന്നിയിലെ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ഭരിക്കുമ്പോൾ 600 കോടി രൂപയുടെ പെട്രോളിയം നികുതി വേണ്ടെന്നു വച്ചു. എന്നാൽ, നമ്മുടെ ധനമന്ത്രി അതിന് തയ്യാറല്ല. യു.ഡി.എഫ് വന്നാൽ ഇന്ധന നികുതി വേണ്ടെന്ന് വയ്ക്കും. റബർ ഉത്പന്നങ്ങൾക്ക് വിലസ്ഥിരത ഫണ്ട് 250 രൂപയാക്കും. കാർഷിക സാധനങ്ങൾക്ക് താങ്ങുവില ഉറപ്പാക്കും. യു.ഡി.എഫിന്റെ കാലത്ത് ഒരു കർഷക ആത്മഹത്യ പോലും നടക്കില്ല. പട്ടയം കൊടുക്കാത്ത സർക്കാരാണിത്. വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഇത്തരം നെറികേടിന് തിരഞ്ഞെടുപ്പിലൂടെ കേരള ജനത മറുപടി നൽകുമെന്നും വൻ ഭൂരിപക്ഷത്തിൽ യു.ഡി എഫ് അധികാരത്തിലെത്തുമെന്നും അദ്ദേഹം ആവകാശപ്പെട്ടു.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.വി.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ അംഗങ്ങളായ യു.ഡി എഫ് സംസ്ഥാന കൺവീനർ എം.എം.ഹസ്സൻ, ഘടകകക്ഷി നേതാക്കളായ എം.കെ. പ്രേമചന്ദ്രൻ എം.പി, എം.കെ മുനീർ, പി.ജെ.ജോസഫ്, സി.പി.ജോൺ, ജി.ദേവരാജൻ ,വി.ഡി.സതീശൻ എന്നിവരും ആന്റോ ആന്റണി എം.പി, ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്, വിക്ടർ ടി. തോമസ്, എ. ഷംസുദ്ദീൻ, കെ.ഇ.അബ്ദുൾ റഹ്മാൻ, ജോർജ് വർഗീസ്, കെ.ജയവർമ്മ ,റിങ്കു ചെറിയാൻ, സതീഷ് കെ.പണിക്കർ, അഹമ്മദ് ഷാ, കാട്ടൂർ അബ്ദുൾ സലാം, ഏബ്രഹാം മാത്യൂ പനച്ചമൂട്ടിൽ, സമദ് മേപ്രത്ത്, സജി നെല്ലുവേലിൽ, അൻസാരി മന്ദിരം, പ്രകാശ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
സി.കേശവൻ സ്ക്വയറിൽ പുഷ്പാർച്ചന നടത്തി
കോഴഞ്ചേരി : രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര കോഴഞ്ചേരിയിൽ സി.കേശവൻ സ്ക്വയറിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന സ്വീകരണത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. തോമസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി., യു.ഡി.എഫ് ചെയർമാൻ വിക്ടർ ടി. തോമസ്, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, മുൻ ഡി.സി.സി പ്രസിഡന്റ് മോഹൻരാജ്, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, കെ.പി.സി.സി അംഗം കെ.കെ.റോയിസൺ, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, ഡി.സി.സി ജനറൽ സെക്രട്ടറി ജെറി മാത്യു സാം, മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്‌റ്റെല്ലാ തോമസ്, എൻ.കെ.പ്രമോദ് കുമാർ, റോയി ഫിലിപ്പ്, സത്യൻ നായർ, ജനപ്രതിനിധികളായ സാറാമ്മ ഷാജൻ, റാണി കോശി, ടി.ടി.വാസു, സുനിത ഫിലിപ്പ് എന്നിവർ സംസാരിച്ചു.