sarakkara

ചെങ്ങന്നൂർ: രുചിയും മണവുമുള്ള ശുദ്ധമായ നാടൻ ശർക്കര ഉൽപ്പാദനത്തിൽ മുന്നേറ്റവുമായി തിരുവൻവണ്ടൂർ അമ്പാടിയിൽ ശർക്കര നിർമാണ യൂണിറ്റ്. മായമില്ലാത്ത ശർക്കരയും ശർക്കര ഉണ്ടയും തേടി ഇനി മറയൂരും കാന്തല്ലൂരും പോകേണ്ടതില്ല. അമ്പാടിയിൽ ശർക്കര മദ്ധ്യതിരുവിതാംകൂറിന്റെ ജനപ്രിയ ഇനമായി. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലേക്കും അമ്പാടിയിൽ ശർക്കര വാങ്ങുന്നുണ്ട്. തിരുവൻവണ്ടൂരിനെ നാടൻ ശർക്കര ഉൽപ്പാദന കേന്ദ്രമാക്കി മാറ്റിയത് അമ്പാടിയിൽ ശർക്കര നിർമാണ യൂണിറ്റ് ഉടമ അനിൽകുമാറിന്റെ കഠിനാദ്ധ്വാനമാണ്. എരമല്ലിക്കര ഫാമിലെ കരിമ്പ് തിരുവൻവണ്ടൂരിലെത്തിച്ചാണ് ശർക്കര ഉൽപ്പാദനം. ഒൗഷധമായി ശർക്കര പാനീയവും ഇവിടെ ലഭിക്കും. ശർക്കര ഉൽപ്പാദനത്തിലൂടെ തിരുവൻവണ്ടൂർ ഭൗമസൂചികയിൽ ഇടംപിടിച്ചിട്ടുണ്ട്.

മണ്ണിന്റെ ഗുണവും ഏതു കാലാവസ്ഥയിലും വെള്ളം ലഭിക്കുന്നതും കാരണം എരമല്ലിക്കര പ്രദേശം കരിമ്പ് ഉൽപ്പാദനത്തിന് പറ്റിയ സ്ഥലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പമ്പയും മണിമലയാറും സംഗമിക്കുന്ന ഇവിടെ എക്കൽ കലർന്ന മണ്ണിൽ കരിമ്പ് നന്നായി വളരും. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കരിമ്പിന്റെ തലക്കം നട്ടാൽ ജൂണിന് മുമ്പ് അഞ്ച് മാെട്ടുകളാകും. ഏഴ് മാസത്തിന് ശേഷം ശർക്കര ഉണ്ടാക്കാൻ പറ്റിയ വിളഞ്ഞ കരിമ്പ് വെട്ടിയെടുക്കാം.

പതിറ്റാണ്ടുകൾക്ക് മുമ്പ് കരിമ്പ് കൃഷി ഉൽപ്പാദനത്തിന് പേരെടുത്ത തിരുവൻവണ്ടൂരിൽ വിളനാശം നേരിട്ടതോടെ കർഷകർ പിൻമാറിയിരുന്നു. സർക്കാരിന്റെ സഹായം ഇൗ മേഖലയിലേക്ക് ഇന്നും എത്തിയിട്ടില്ല. പരമ്പരാഗത കരിമ്പ് കർഷകനായിരുന്ന വാസുദേവന്റെ മകനായ അനിൽകുമാർ നാല് വർഷം മുമ്പ് ഇൗ രംഗത്തേക്ക് കടന്നുവന്നതോടെയാണ് ശർക്കര ഉൽപ്പാദനം വീണ്ടും തുടങ്ങാനായത്. ആദ്യം അഞ്ച് ഏക്കറിൽ നടത്തിയ കരിമ്പ് കൃഷി വിജയമായതിനെ തുടർന്ന് 10 ഏക്കറിലേക്കും തുടർന്ന് 40 ഏക്കറിലേക്കും വ്യാപിപ്പിച്ചു. ഇനി 100 ഏക്കറിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മിതമായ നിരക്കിൽ ശർക്കര ലഭിക്കും.

ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ കരിമ്പ് പാടങ്ങൾ സന്ദർശിച്ച് പഠനം നടത്തിയശേഷമാണ് അദ്ദേഹം ഇൗ രംഗത്തേക്കിറങ്ങിയത്. 2018 പ്രളയത്തിൽ കരിമ്പ് പാടവും ശർക്കര യൂണിറ്റും മുങ്ങി 15ലക്ഷത്തോളം രൂപയുടെ നഷ്ടം നേരിട്ടു. സർക്കാരിൽ നിന്ന് സഹായം ലഭിക്കാതിരുന്നിട്ടും പിടിച്ചു കയറി. അനിൽകുമാറിന്റെ മകൻ അനന്തു കരിമ്പുകൃഷിയിലും ശർക്കര ഉൽപ്പാദനത്തിനും മേൽനോട്ടം വഹിക്കുന്നു. അനിലിന്റെ ഭാര്യ ഇന്ദുലേഖയും സഹായത്തിനുണ്ട്. ഇളയ മകൻ ആരോമൽ വിദ്യാർത്ഥിയാണ്.

പാൽ ഉൽപ്പാദനത്തിലും നേട്ടം

തിരുവൻവണ്ടൂരിലെ അമ്പാടിയിൽ പശു ഫാമിൽ നാനൂറോളം വിവിധയിനം പശുക്കളുണ്ട്. അമ്പാടിയിൽ മിൽക്ക് എന്ന പേരിൽ പാലും പാലുൽപ്പന്നങ്ങളും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ വിപണനം നടത്തുന്നു. ക്ഷീരശ്രീ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഫാം ഉടമ അനിൽ കുമാറിന് ലഭിച്ചിട്ടുണ്ട്.

-------------------

'' കർഷകർക്ക് സബ്സിഡിയോ മറ്റു സഹായങ്ങളോ ചെയ്യാതിരുന്നതിനാലാണ് കരിമ്പ് കൃഷി നാടിന് അന്യമായത്. തമിഴ്നാട്ടിലും മറ്റും പോയി മായം കലർന്ന ശർക്കര നാം വാങ്ങുകയാണ്. ഇൗ സ്ഥിതിക്ക് മാറ്റം വരുത്താനും കരിമ്പു കൃഷി പ്രോത്സാഹിപ്പിക്കാനും സർക്കാർ ഇടപെടണം.

അനിൽകുമാർ അമ്പാടിയിൽ