
പത്തനംതിട്ട: നിത്യോപയോഗ സാധനങ്ങൾക്ക് പൊള്ളുന്ന വില. എണ്ണയ്ക്ക് മുതൽ ചെറിയ ഉള്ളിക്ക് വരെ തൊട്ടാൽ പൊള്ളുന്ന വിലയാണ്. രണ്ടാഴ്ചമുമ്പ് ലിറ്ററിന് എൺപത് രൂപയായിരുന്ന പാമോയിലിന് ഇപ്പോൾ 120 രൂപയാണ്. ചിലയിടങ്ങളിൽ നൂറ്റമ്പത് രൂപയും. വെളിച്ചെണ്ണയ്ക്ക് 220 മുതൽ 250 രൂപ വരെയായി. മുളകിന് കിലോയ്ക്ക് 300 രൂപയ്ക്കാണ് ഇപ്പോൾ വിൽക്കുന്നത്. പെട്രോളിനും ഡീസലിനും വില വർദ്ധിച്ചതോടെ ഗതാഗത ചെലവ് കൂടിയതാണ് വില വർദ്ധിക്കാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. വരുംദിവസങ്ങളിലും ഇത്തരത്തിൽ ഇന്ധനവില വർദ്ധിച്ചാൽ സാധാരണക്കാരൻ പട്ടിണിയിലാകുമെന്ന സ്ഥിതിയാണ്.
പച്ചക്കറിക്കും വില കൂടി. പയർ, പടവലം, കാരറ്റ് തുടങ്ങിയവയ്ക്ക് പത്തും മുപ്പതും രൂപ വർദ്ധിച്ചു. കിറ്റുകളുടെ വലിപ്പവും കുറഞ്ഞു. നൂറ് രൂപയ്ക്ക് നൽകിയ കിറ്റുകൾ ഇപ്പോൾ 200 രൂപയ്ക്കാണ് നൽകുന്നത്. സവാള അമ്പത് രൂപ പിന്നിട്ടു. ചെറിയ ഉള്ളിക്ക് 160 രൂപയായി. വെളുത്തുള്ളിക്ക് 200 രൂപയാണ് വില
കിലോയ്ക്ക് 30 രൂപ മുതൽ 100 വരെ
വർദ്ധിച്ച സാധനങ്ങൾ
തേയില : 280
പിരിയൻ മുളക് : 300
വെളിച്ചെണ്ണ : 220 - 250
പാമോയിൽ : 120
മല്ലി : 150
വെളുത്തുള്ളി : 200