തിരുവല്ല: ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് സാന്ത്വന സ്പർശം അദാലത്തിലൂടെ പരിഹാരം ലഭിക്കുമെന്ന് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളുടെ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്ന മന്ത്രി. ജില്ലയിലെ അദാലത്തുകളിലായി 4600 അപേക്ഷകൾ തീർപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ.കെ ശശീന്ദ്രൻ, മാത്യു ടി.തോമസ് എം.എൽ.എ, ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡി, എ.ഡി.എം ഇ.മുഹമ്മദ് സഫീർ, ആർ.ഡി.ഒ പി.സുരേഷ്, പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രലേഖ, നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി, അഡ്വ.ആർ.സനൽകുമാർ, അഡ്വ.പ്രമോദ് ഇളമൺ എന്നിവർ പങ്കെടുത്തു.


40 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പട്ടയം


തിരുവല്ല: സ്വന്തം കിടപ്പാടത്തിന് പട്ടയം ലഭിക്കണമെന്ന രവീന്ദ്രന്റെ 40 വർഷത്തെ കാത്തിരിപ്പ് സഫലമായി. തിരുവല്ല പൊടിയാടി വാലുപറമ്പിൽ വീട്ടിൽ രവീന്ദ്രനും ഭാര്യ വി.ഡി.രാജമ്മയും മൂന്നു മക്കളും നാലു പതിറ്റാണ്ടോളം കാത്തിരുന്ന ആഗ്രഹമാണ് യാഥാർത്ഥ്യമായത്. 4.6 സെന്റ് ഭൂമിയാണ് ഹൃദ്രോഗിയായ രവീന്ദ്രന്റെ പേരിൽ പട്ടയമായി ലഭിച്ചത്.


സുനിതയ്ക്കും സർക്കാരിന്റെ സാന്ത്വന സ്പർശം


തിരുവല്ല: തിരുവല്ല സ്വദേശിനി സുനിത റേച്ചൽ ഏബ്രഹാമിന്റെ എ.പി.എൽ റേഷൻ കാർഡ് ബി.പി.എൽ ആക്കി. മൂന്നുവർഷമായി കാൻസർ ചികിത്സയിൽ കഴിയുന്ന റേച്ചൽ വാടക വീട്ടിലാണു കഴിയുന്നത്.

പിതാവിന്റെ മരണശേഷം ലഭിക്കുന്ന കുടുംബ പെൻഷനാണ് അവിവാഹിതയും തൊഴിൽ രഹിതയുമായ സുനിതയുടെ ഏക വരുമാനം. ചികിത്സയ്ക്കും നല്ലൊരുതുക വേണം. റേഷൻകടയിലെ ആനുകൂല്യങ്ങളും നഷ്ടമാകുന്ന എ.പി.എൽ കാർഡു കൂടിയായപ്പോൾ ജീവിതം ദുസഹമായി. ഇതിന് പരിഹാരം തേടിയാണ് അദാലത്തിൽ വന്നത്. പരാതികേട്ട മന്ത്രി എ.കെ.ശശീന്ദ്രൻ ബി.പി.എൽ കാർഡ് ഉടൻതന്നെ നൽകുന്നതിന് ജില്ലാ സ്‌പ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകി. ഒരു മണിക്കൂറിനകം ബി.പി.എൽ കാർഡും മന്ത്രിതന്നെ നേരിട്ടു നൽകി. അടിയന്തര ചികിത്സാ സഹായമായി 15,000 രൂപയും നൽകി.

ഷോക്കേറ്റു മരിച്ച യുവാവിന്റെ കുടുംബത്തിന് ധനസഹായത്തിന് നടപടി

തിരുവല്ല: പൊട്ടിവീണു കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സ്വകാര്യ കേബിൾ ടി.വി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവാവിന്റെ കുടുംബത്തിന് ഉചിതമായ ധനസഹായം നൽകാൻ നിർദ്ദേശം. തിരുവല്ലയിൽ നടന്ന സാന്ത്വന സ്പർശം അദാലത്തിലാണ് ബുധനൂർ സ്വദേശിയായ യുവാവിന്റെ നിർദ്ധന കുടുംബത്തിന് ഉചിതമായ ധനസഹായം നൽകാൻ കെ.എസ്.ഇ.ബി ചെയർമാന് മന്ത്രി എ.സി മൊയ്തീൻ നിർദ്ദേശം നൽകിയത്. 2019 ഓഗസ്റ്റ് 22 നാണ് ബുധനൂർ രാജീവ് ഭവനിൽ രാജീവ് ജേക്കബ് (33) ഷോക്കേറ്റ് മരിച്ചത്. രാജീവിന്റെ ഭാര്യ മിഥു പി. ബാബു സാന്ത്വന സ്പർശം അദാലത്തിൽ നൽകിയ അപേക്ഷയിലാണ് നടപടി.


20 പട്ടയവും 21 മുൻഗണനാ റേഷൻകാർഡും നൽകി

തിരുവല്ല, മല്ലപ്പള്ളി താലൂക്ക് തല അദാലത്തിൽ 20 പട്ടയവും 21 മുൻഗണനാ റേഷൻകാർഡുകളും മന്ത്രിമാരായ എ.സി മൊയ്തീൻ, എ.കെ ശശീന്ദ്രൻ എന്നിവർ വിതരണം ചെയ്തു. തിരുവല്ലയിലെ ഒൻപത് പട്ടയവും മല്ലപ്പള്ളിയിലെ ആറു പട്ടയവുമാണ് മന്ത്രിമാർ കൈമാറിയത്. തിരുവല്ലയിൽ 10 മുൻഗണനാ റേഷൻ കാർഡും എട്ട് പി.എച്ച്.എച്ച് റേഷൻ കാർഡുകളും രണ്ട് എ.എ.വൈ റേഷൻ കാർഡുകളുമാണ് വിതരണം നടത്തിയത്. മല്ലപ്പള്ളി താലൂക്കിൽ 11 റേഷൻകാർഡുകളും പി.എച്ച്.എച്ച് റേഷൻ കാർഡുകളും വിതരണം ചെയ്തു.