 
പന്തളം: രണ്ടു പതിറ്റാണ്ട് മുമ്പ് പന്തളത്തനുവദിച്ച ഫയർസ്റ്റേഷൻ ഇതുവരെയും തുടങ്ങാൻ കഴിഞ്ഞില്ല. പി.കെ.കുമാരൻ എം.എൽ.എ ആയിരുന്ന കാലത്താണ് ഫയർസ്റ്റേഷന് അനുമതി ലഭിച്ചത്. പഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കി കൊടുക്കാം എന്നായിരുന്നു വ്യവസ്ഥ. ഇതോടൊപ്പവും അതിനു ശേഷവും അനുവദിച്ച ഫയർ സ്റ്റേഷനുകളെല്ലാം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ആറന്മുളയിൽ ഫയർ സ്റ്റേഷനു മന്ത്രിസഭ അനുമതി നല്കി. പന്തളത്തേതു ഫയലിൽത്തന്നെ ഒരുങ്ങി. 2006-2007 പദ്ധതിയിലുൾപ്പെടുത്തി പൂഴിക്കാട് ചിറമുടിയിലുള്ള പഞ്ചായത്തു വക സ്ഥലത്ത് അടിസ്ഥന സ്വകര്യങ്ങളൊരുക്കുന്നതിനു രണ്ട് ലക്ഷം രൂപ അനുവദിച്ചു. വാഹനമിടുന്നതിന് ഷെഡും ഓഫീസ് റൂമും വാട്ടർ ടാങ്കും നിർമ്മിക്കുന്നതിനായിരുന്നു തുക. പണി പകുതിയാക്കി കരാറുകാരൻ ഉപേക്ഷിച്ചു. പണിത ഭാഗങ്ങൾ കാടുമൂടി കിടക്കുകയാണ്.
ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടും നടപടയില്ല
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കുളനടയിൽ ഫയർ സ്റ്റേഷൻ തുടങ്ങുവാൻ അഡ്വ.കെ.ശിവദാസൻ നായർ ശ്രമിച്ചിരുന്നു. അപ്പോൾ പന്തളത്തു തന്നെ തുടങ്ങുമെന്നും അതിന് ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചു. പന്തളം വലിയ പാലത്തിനു സമീപമുള്ള പി.ഡബ്ലി.യു.ഡി പുറമ്പോക്കാണ് എം.എൽ.എ കണ്ടെത്തിയത്. സ്ഥലം വിട്ടുനല്കാൻ പി.ഡബ്ലി.യു.ഡി തയാറല്ല. ഓഫീസ് പണിയുന്നതിന് ഈ സ്ഥലം വേണമെന്നാണ് അവർ പറയുന്നത്. ഇപ്പോൾ പി.ഡബ്ലി.യു.ഡി ഓഫീസ് പ്രവർത്തിക്കുന്നതു വാടകക്കെട്ടിടത്തിലാണ്. കഴിഞ്ഞ പന്തളം നഗരസഭാ ഭരണസമിതിയും ചിറമുടിയിലുള്ള 40സെന്റ് സ്ഥലം കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാമെന്നു പറഞ്ഞതിനെത്തുടർന്നു ഫയർഫോഴ്‌സ് ഡിപ്പാർട്ടുമെന്റിന് 99.9വർഷത്തേക്ക്എഴുതിക്കൊടുത്തു. പുതിയ കെട്ടിടം പണിയുന്നതുവരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിന് നഗരസഭ പൂഴിക്കാട് തോണ്ടുകണ്ടത്തിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലവും കെട്ടിടവും കണ്ടെത്തി വേണ്ട അടിസ്ഥാന സൗകര്യങ്ങൾ അവിടെ ഒരുക്കിയിട്ട് രണ്ട് വർഷം കഴിഞ്ഞു.
-----------------
-ശബരിമല സീസണിൽ മാത്രം പന്തളത്ത് താൽക്കാലീക സ്റ്റേഷൻ
-പന്തളം നഗരസഭ, തുമ്പമൺ, കുളനട, മെഴുവേലി പഞ്ചായത്തുകൾ അത്യാഹിതമുണ്ടായാൽ ഫയർ ഫോഴ്സ് എത്തുന്നത് അടൂർ, പത്തനംതിട്ട ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്ന്