മല്ലപ്പള്ളി: കോട്ടയം റോഡിൽ താലൂക്ക് ഓഫീസിന് സമീപം ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് മാദ്ധ്യമ പ്രവർത്തകർക്ക് പരിക്കേറ്റു. ആഞ്ഞിലിത്താനം മഞ്ചാമല വീട്ടിൽ സിബി എം.സി (43), നിരണം വൈക്കത്തുശേരിൽ വീട്ടിൽ ജിജു വൈക്കത്തുശേരി (42) എന്നിവർക്കാണ് പരിക്കേറ്റത്. മോട്ടോർ വാഹന വകുപ്പ് നെടുങ്ങാടപ്പള്ളിയിൽ സംഘടിപ്പിച്ച ട്രാഫിക് ബോധവത്ക്കരണ സെമിനാർ റിപ്പോർട്ട് ചെയ്ത് മടങ്ങുന്ന വഴി രാവിലെ 11.40നാണ് അപകടത്തിൽപെട്ടത്. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിന്നും എഴുമറ്റൂർക്ക് പുറപ്പെട്ട 108 ആംബുലൻസ് കാറിനെ മറികടന്നെത്തി ഇവർ സഞ്ചരിച്ച ബൈക്കിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ ഇതേ അംബുലൻസിൽ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ സിബിക്കും ജിജുവിനും സാരമായി പരിക്കേറ്റിട്ടുണ്ട്. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രഥമശ്രശൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സക്കായി ജിജുവിനെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച ബൈക്കും, രണ്ട് മൂവികാമറകളും പൂർണമായും തകർന്നിട്ടുണ്ട്. കീഴ്വായ്പ്പൂര് പൊലീസ് കേസെടുത്തു.