കോന്നി: ആരോഗ്യ രംഗത്ത് കേരളം മാതൃകയാണെന്നും താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളജ് വരെ കാലാനുസൃത മാറ്റങ്ങൾ വരുത്തുവാൻ സാധിച്ചതായും മുഖ്യമന്ത്രി പണിറായി വിജയൻ പറഞ്ഞു. കോന്നി ഗവ. മെഡിക്കൽ കോളജിന്റെ 241 കോടി രൂപയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. അനുവദിച്ച 240 കോടിയിൽ 218 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനത്തിനാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്.ബാക്കി തുക ഗ്രീൻ ബിൽഡിംഗ് നിർമ്മാണത്തിനായി ഉപയോഗിക്കും. 200 കിടക്കകളുള്ള ആശുപത്രി ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് രണ്ടാം ഘട്ടത്തിൽ നിർമ്മിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ 500 കിടക്കകൾ ഉള്ള ആശുപത്രിയായി മെഡിക്കൽ കോളജ് ഉയരും. കെ.കെ ശൈലജ അദ്ധ്യക്ഷത വഹിച്ചു. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി.
മുൻനിര ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രമായി മാറ്റും: കെ.യു ജനീഷ്കുമാർ
സമയ ബന്ധിതമായി രണ്ടാം ഘട്ടം പൂർത്തിയാക്കി രാജ്യത്തെ മുൻനിര ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രമായി കോന്നി മെഡിക്കൽ കോളേജിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് അഡ്വ.കെ യു ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ശിലാഫലകം അനാശ്ചാദനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി അക്കാദമിക്ക് ബ്ലോക്കിന്റെ എക്സ്റ്റൻഷൻ മൂന്ന് നിലയിൽ നിർമ്മിക്കും. അഞ്ച് നിലയിലുള്ള ആൺകുട്ടികളുടെ ഹോസ്റ്റലിൽ 200 കുട്ടികൾക്കുള്ള താമസ സൗകര്യമാണ് തയാറാക്കുന്നത്. 235 പേർക്ക് താമസ സൗകര്യമൊരുക്കുന്ന പെൺകുട്ടികളുടെ ഹോസ്റ്റൽ അറ് നിലയിലാണ് നിർമ്മിക്കുന്നത്. 11 നിലകളിൽ നിർമ്മിക്കുന്ന ക്വാർട്ടേഴ്‌സിൽ എ, ബി, സി, ഡി എന്നീ നാല് വിഭാഗങ്ങൾ ഉൾപ്പെടുന്നു. ഓരോ വിഭാഗത്തിലും 40 അപ്പാർട്ട്‌മെന്റുകൾ വീതം ഉണ്ടാകും.1000 സീറ്റുകൾ ക്രമീകരിച്ചിട്ടുള്ള ഓഡിറ്റോറിയവും നിർമ്മിക്കും. മോർച്ചറിയും പോസ്റ്റ്മോർട്ടം സൗകര്യങ്ങളും ക്രമീകരിച്ചിട്ടുള്ള ഓട്ടോപ്‌സി ബ്ലോക്ക്, ലോൺട്റി ബ്ലോക്ക് എന്നിവയും രണ്ടാം ഘട്ടത്തിൽ നിർമ്മിക്കും.രണ്ട് ലക്ഷം ലിറ്റർ ശേഷിയുള്ള സീവേജ് ട്റീറ്റ്മെന്റ് പ്ലാന്റ്, 7000 ലിറ്റർ ശേഷിയുള്ള ഇഫ്‌ളുവന്റ് ട്റീറ്റ്മെന്റ് പ്ലാന്റ്, മഴവെള്ളം ശേഖരിക്കുന്നതിനുള്ള സംഭരണി തുടങ്ങിയവയും നിർമ്മിക്കും. യോഗത്തിൽ അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ ,കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം വർഗീസ് ബേബി, എ ദീപകുമാർ, കരിമ്പനാക്കുഴി ശശിധരൻ നായർ, ഏബ്രഹാം വാടിയിൽ, മെഡിക്കൽ കോളജ് സൂപ്രണ്ട് എസ്. സജിത്ത് കുമാർ, ജില്ലാ പാലിയേറ്റീവ് കെയർ സൊസൈറ്റി സെക്രട്ടറി ശ്യാംലാൽ,എച്ച്. എൻ.എൽ പ്രൊജക്ട് മാനേജർ ആർ.രതീഷ്‌കുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.