പത്തനംതിട്ട : റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നഗരമദ്ധ്യത്തിലെ മൂന്നു റോഡുകൾ ഒരു കോടി രൂപ ചെലവിൽ പുനർമ്മിക്കുന്നതിനുള്ള പദ്ധതിയുടെ ഭരണാനുമതി ലഭിച്ചു ടെൻഡർ നടപടികളിലേക്ക് കടന്നു. നഗരസഭാ പരിധിയിൽ ഉൾപ്പെടുന്ന സെൻട്രൽ ജംഗ്ഷൻ മുതൽ തൈക്കാവ് , മാക്കാംകുന്ന് മുതൽ പുന്നലതുപ്പടി ,ഡോക്ടർസ് ലെയിൻ എന്നീ മൂന്നു റോഡുകളാണ് ആദ്യ ഘട്ടത്തിൽ നവീകരിക്കുന്നതെന്ന് വീണാ ജോർജ് എം.എൽ.എ പറഞ്ഞു. പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ്,തൈക്കാവ് സ്‌കൂൾ ഈ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. സെൻട്രൽ ജംഗ്ഷനിൽ പ്രവേശിക്കാതെ പുതിയ കെ.എസ്.ആർ.ടി.സി,പ്രൈവറ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കു എത്തുന്നതിനുള്ള സബ് റോഡ് കൂടിയാണ് ഇത്. വിദ്യാർത്ഥികൾ, മറ്റു യാത്രികർ, വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്ന വാഹനങ്ങൾ അടക്കം ഉള്ളവർക്ക് ഇത് വഴി കടന്നു പോകാൻ കഴിയും. നഗരത്തിലെ വൺവേ റോഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഉപറോഡാണ് ഡോക്ടർസ് ലെയിൻ. ഗവൺമെന്റ് ആശുപത്രിയും മറ്റു ധാരാളം ഡോക്ടർമാരുടെ ക്വാർട്ടേഴ്സിലേക്കും എത്തുന്ന രോഗികൾ ആശ്രയിക്കുന്ന റോഡുകൂടിയാണ് ഇത്. സിഗ്നലുകളിൽ കാത്തു നിൽക്കാതെ വേഗത്തിൽ തന്നെ ആശുപത്രിയിലേക്ക് എത്തുവാൻ ഇതിന്റെ നവീകരണത്തിലൂടെ കഴിയും. ഇരുമുച്ചക്ര വാഹനങ്ങൾക്കും യാത്രികർക്കും ഏറെ സൗകര്യപ്രദമായിരിക്കും. സിഗ്നലുകളിലെ വാഹന തിരക്കിനും കുറവുണ്ടാകും. ഓമല്ലൂർ ,പുത്തൻപീടിക കോളേജ് ജംഗ്ഷൻ ഭാഗത്ത് നിന്നും വഴി വരുന്ന യാത്രക്കാർക്ക് ഇലന്തൂർ ,കോഴഞ്ചേരി ഭാഗത്തേക്ക് പോകുന്നതിനും മാക്കാംകുന്ന് പുന്നലതുപടി റോഡിനെ ആശ്രയിക്കുവാൻ കഴിയും. കാലങ്ങളായുള്ള ആവശ്യമായിരുന്നു ഈ മൂന്നു റോഡുകളുടെ പുനരുദ്ധാരണം. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരങ്ങളിൽ ഒന്നാണ് ഉപറോഡുകളിൽ കൂടിയുള്ള യാത്ര. എന്നാൽ വലിയ ഗട്ടറുകളും മറ്റു തകർന്ന ഭാഗങ്ങളിലൂടെയുള്ള യാത്രകൾ മൂലം വാഹനങ്ങൾക്കുണ്ടാകുന്ന കേടുപാടുകളും സമയനഷ്ടവും മൂലം എല്ലാവരും പ്രധാന റോഡുകൾ തന്നെ തിരഞ്ഞെടുക്കും. ഇങ്ങനെയുള്ള സബ് റോഡുകൾ എല്ലാം തന്നെ പൂർണമായും നല്ല നിലവാരത്തിൽ പുനർനിർമ്മിക്കുന്നത് വഴി നഗരത്തിലേ ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയുമെന്ന് വീണാ ജോർജ് പറഞ്ഞു.
-ചെലവ് 1 കോടി