മല്ലപ്പള്ളി: ആരോഗ്യമേഖലയിൽ 2200 കോടി രൂപ ചെലവിൽ 34 പദ്ധതികൾക്ക് തുടക്കംകുറിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന വികസന പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മല്ലപ്പള്ളി താലൂക്ക് ആശുപത്രി വികസനത്തിനായി കിഫ്ബിയിൽ നിന്ന് 34.5 കോടി രൂപയുടെ പദ്ധതിയാണ് അനുവദിച്ചിട്ടുള്ളത്. 101 കിടക്കകളോടുകൂടിയ അഞ്ചു നില കെട്ടിടമാണ് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്. കെട്ടിട നിർമ്മാണത്തിനായി 34.5 കോടി രൂപയും 9 കോടി രൂപയുടെ ഉപകരണങ്ങളും ചേർത്ത് 43 കോടി രൂപയ്ക്കാണ് താലൂക്ക് ആശുപത്രി ഒരുങ്ങുന്നത്. വിവിധ സ്‌പെഷാലിറ്റി ഒ.പി, മോഡേനൈസ്ഡ് കാഷ്വാലിറ്റി, ഐസിയു, ഓപറേഷൻ തീയറ്റർ, ഡയാലിസിസ് യൂണിറ്റ്, സെൻട്രലൈസ്ഡ് ഓക്‌സിജൻ ഡിസ്ട്രിബൂട്ടിംഗ് സിസ്റ്റം, മോർച്ചറി, സീവേജ് ട്രീറ്റ്‌മെന്റ് സിസ്റ്റം, ബ്ലഡ് സ്റ്റോറേജ് സൗകര്യം, റേഡിയോളജി, ഫാർമസി, ലാബ്, മൾട്ടിലെയർ കാർ പാർക്കിംഗ് ഫെസിലിറ്റി തുടങ്ങിയ സംവിധാനങ്ങൾ പുതിയ ആശുപത്രി കെട്ടിടത്തിൽ ഉണ്ടാകും. നിലവിൽ കിടത്തി ചികിത്സ വിഭാഗമായി പ്രവർത്തിക്കുന്ന കെട്ടിടം പുതിയ കെട്ടിടത്തോടായി ചേർത്ത് മറ്റേണിറ്റി വാർഡ്, ലേബർ റൂം, എമർജൻസി ഓപ്പറേഷൻ തീയറ്റർ, നിയോനാറ്റൽ ഐസിയു എന്നിവയായി മാറും. മന്ത്രി കെ.കെ ശൈലജ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാത്യു ടിതോമസ് എം.എൽ.എ ശിലാസ്ഥാപനം അനാച്ഛാദനം ചെയ്തു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, ജില്ലാ പഞ്ചായത്ത് അംഗം സി.കെ.ലതാകുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത കുര്യാക്കോസ്, ശ്രീദേവി സതീശ് ബാബു, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീമി ലിറ്റി കൈപ്പള്ളിൽ, അംഗങ്ങളായ ചെയർമാൻ പ്രകാശ് ചരളേൽ, ലൈല അലക്‌സാണ്ടർ, റെജി പണിക്കമുറി, എൽ.ഡി.എഫ് കൺവീനർ അലക്‌സ് കണ്ണമല, ശോശാമ്മ തോമസ്, മനുഭായി മോഹൻ തുടങ്ങിയവർ പങ്കെടുത്തു.