തിരുവല്ല: സാന്ത്വന സ്പർശത്തിന്റെ ഭാഗമായി ജില്ലയിൽ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി മൂന്നു കേന്ദ്രങ്ങളിൽ നടത്തിയ അദാലത്തിൽ 7593 പരാതികൾ ആകെ ലഭിച്ചു. ഇതിൽ 4914 പരാതികൾ പരിഹരിച്ചു. അദാലത്തിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 74,18,000 രൂപയുടെ ധനസഹായവും വിതരണം ചെയ്തു. ചെല പരാതികൾ നയപരമായും ചട്ടത്തിൽ മാറ്റം വരുത്തി ചെയ്യേണ്ട പരാതികളുമാണ്. അങ്ങനെയുള്ള 2679 പരാതികൾ ബാക്കിയുണ്ട്. ഇവയും പരിഗണിക്കും. വ്യക്തമായ രേഖകൾ ഇല്ലാതെ വന്ന പരാതികളിൽ രേഖകൾ ഹാജരാക്കുന്ന മുറയ്ക്കും പരിഹരിക്കും. മൂന്നു ദിവസങ്ങളിലായി ജില്ലയിലെ ആറു താലൂക്കുകളിലെ 60 പട്ടയങ്ങളും 351 റേഷൻ കാർഡുകളും വിതരണം ചെയ്തു. കോഴഞ്ചേരി താലൂക്കിൽ 41, അടൂർ താലൂക്കിൽ 114, കോന്നി താലൂക്കിൽ 90, റാന്നി താലൂക്കിൽ 7, തിരുവല്ല താലൂക്കിൽ 57, മല്ലപ്പള്ളി താലൂക്കിൽ 42 ഉം റേഷൻ കാർഡുകളാണ് വിതരണം ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോഴഞ്ചേരി താലൂക്കിൽ 11,80,000 രൂപയും, അടൂർ താലൂക്കിൽ 16,92,000 രൂപയും, കോന്നി താലൂക്കിൽ 12,29,500 രൂപയും റാന്നി താലൂക്കിൽ 5,71,500 രൂപയും, തിരുവല്ല താലൂക്കിൽ 20,23,500 രൂപയും മല്ലപ്പള്ളി താലൂക്കിൽ 7,21,500 രൂപയും ലഭ്യമാക്കി. മന്ത്രിമാരായ എ.സി. മൊയ്തീൻ, ജെ.മേഴ്‌സിക്കുട്ടിയമ്മ, എ.കെ ശശീന്ദ്രൻ എന്നിവരും അദാലത്തിൽ ഉണ്ടായിരുന്നു. ആന്റോ ആന്റണി എം.പി ഒരുദിവസം പങ്കെടുത്തു. ജില്ലയിലെ എംഎൽഎ മാരായ അഡ്വ. മാത്യു ടി തോമസ്, രാജു എബ്രഹാം, വീണാ ജോർജ്, ചിറ്റയം ഗോപകുമാർ, കെ.യു ജനീഷ് കുമാർ എന്നിവരും അദാലത്തുകളിൽ പങ്കെടുത്തു. സർക്കാർ സെക്രട്ടറി പി.വേണുഗോപാൽ മൂന്നു ദിവസവും പങ്കെടുത്തു. ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി ടി.എൽ റെഡ്ഡി, എ.ഡി.എം ഇ മുഹമ്മദ് സഫീർ, അടൂർ ആർ.ഡി.ഒ എസ്.ഹരികുമാർ, തിരുവല്ല ആർ.ഡി.ഒ പി.സുരേഷ്, തിരുവല്ല തഹസീൽദാർ ഡി.സി ദിലീപ് കുമാർ, മല്ലപ്പള്ളി തഹസിൽദാർ എം.ടി ജയിംസ് എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി കളക്ടർമാർ മുതൽ താഴെയുള്ള എല്ലാ ഉദ്യോഗസ്ഥരും മികച്ച രീതിയിൽ സഹകരിച്ചതായും മന്ത്രിമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.