 
വെച്ചൂച്ചിറ: തൊഴിലുറപ്പ് പദ്ധതിയിലെ മികച്ച പ്രവർത്തനത്തിന് െവച്ചൂച്ചിറ പഞ്ചായത്തിന് സംസ്ഥാന അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനവും ജില്ലയിൽ ഒന്നാംസ്ഥാനവും ലഭിച്ചു. 2019 - 20 വർഷത്തെ പ്രവർത്തനത്തിനാണ് പുരസ്കാരം. കഴിഞ്ഞ വർഷം 3.46 കോടി രൂപ പദ്ധതിക്കായി വിനിയോഗിച്ചു. കഴിഞ്ഞ നാല് വർഷമായി ബ്ളോക്കിൽ ഒന്നാം സ്ഥാനത്താണ്. 2200 പേർക്ക് 100 തൊഴിൽ ദിനങ്ങൾ നൽകി. എസ്.സി, എസ്.ടി കുടുംബങ്ങളിലെ എല്ലാ അംഗങ്ങൾക്കും താെഴിൽ കാർഡ് നൽകി. ആവശ്യമായവർക്ക് കന്നുകാലി കൂട്, കോഴിക്കൂട്, ആട്ടിൻകൂട് എന്നിവർ നിർമിച്ചു നൽകി. തൊഴിലുറപ്പിൽ ഉൾപ്പെടുത്തി 32 ഗ്രാമീണ റോഡുകൾ കോൺക്രീറ്റ് ചെയ്തു. 25ലക്ഷം രൂപയാണ് ഇതിന് ചെലവായത്. കാർഷിക മേഖലയ്ക്കും ഉൗന്നൽ നൽകി. മീൻ വളർത്തുന്നതിനുള്ള കുളങ്ങൾ, മഴക്കുഴികൾ, ജല സംരക്ഷണം, മണ്ണ് സംരക്ഷണം എന്നിവയ്ക്ക് പ്രധാന്യം നൽകി. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന പഞ്ചായത്തിൽ തൊഴിലുറപ്പ് മുഖേന കിണർ റീചാർജിംഗ് നടത്തി. 35ലക്ഷം രൂപയാണ് വിനിയോഗിച്ചത്.
'' എല്ലാവരുടെയും കൂട്ടായ പ്രവർത്തനം കൊണ്ടാണ് നേട്ടമുണ്ടാക്കാനായത്. വരും വർഷങ്ങളിലും നേട്ടം ആവർത്തിക്കാൻ കഴിയണം.
റോസമ്മ സ്കറിയ,
വെച്ചൂച്ചിറ പഞ്ചായത്ത് മുൻ പ്രസിഡന്റ്