തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്തിലെ മാലൂത്ര പ്രദേശവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് മാലൂത്ര കടവിൽ പാലം വേണമെന്നത്. ഇവിടെ പാലം ഇല്ലാത്തതിനാൽ തിരുവല്ല നഗരത്തിലേക്ക് എത്തിച്ചേരാൻ നാട്ടുകാർക്ക് നാല് കിലോമീറ്ററിലധികം സഞ്ചരിക്കണം. മാലൂത്ര കടവിൽ പാലം നിർമ്മിച്ചാൽ ചുരുങ്ങിയ സമയത്ത് നഗരത്തിലെത്താം. 15 വർഷത്തിലധികമായുള്ള പ്രദേശവാസികളുടെ ആവശ്യം ചൂണ്ടിക്കാട്ടി വാർഡ് മെമ്പർ റിക്കുമോനി വര്‍ഗീസ് തിരുവല്ലയില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തിൽ അപേക്ഷ നൽകി. മാത്യു ടി.തോമസ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നൽകിയ അപേക്ഷ മന്ത്രി എ.സി.മൊയ്‌തീൻ പരിഗണിച്ചു. പുതിയ പാലത്തിന് എസ്റ്റിമേറ്റ് തയാറാക്കാനും തുടർനടപടികൾ സ്വീകരിക്കാനും പെരിങ്ങര പഞ്ചായത്ത് മരാമത്ത് ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശം നൽകി.