തിരുവല്ല: കരിമ്പ് കൃഷി ഉൾപ്പെടെയുള്ളവ വ്യാപിപ്പിച്ച് തരിശ് രഹിതമാക്കി പുളിക്കീഴ് ബ്ലോക്കിനെ ഹരിത സമൃദ്ധി ബ്ലോക്കായി മാറ്റാൻ ലക്ഷ്യമിടുന്ന ബഡ്ജറ്റ് അവതരിപ്പിച്ചു. മുൻനീക്കിയിരിപ്പ് ഉൾപ്പെടെ 16,50,60,700 രൂപ വരവും 16,25,74,700 രൂപ ചെലവും 24,86,000 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ബിനിൽ കുമാർ അവതരിപ്പിച്ചു. കുറ്റൂർ,നെടുമ്പ്രം പഞ്ചായത്തുകളുമായി ചേർന്ന് കരിമ്പ് കൃഷി വ്യാപിപ്പിക്കും. പുളിക്കീഴ് ബ്രാന്റ് കുടംപുളി ഉൽപാദിപ്പിച്ച് വിപണനം നടത്താൻ തുക വകയിരുത്തി. ക്ഷീരമേഖലയിൽ അഞ്ച് പഞ്ചായത്തുകളിലായി 20 പശുക്കൾ വീതമുള്ള അഞ്ച് യൂണിറ്റ് തുടങ്ങാൻ തുക നീക്കിവെച്ചിട്ടുണ്ട്. ചാത്തങ്കേരി സി.എച്ച്.സിയ്ക്ക് 1.25കോടിയുടെ പുതിയ ഒ.പി.ബ്ലോക്ക് പണിയാൻ സംസ്ഥാന സർക്കാർ ഗ്രാന്റായ 70ലക്ഷവും എം.എൽ.എ.യുടെ വിഹിതവും ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതവും ചേർത്ത് പൂർത്തീകരിക്കും. കൂടാതെ സെക്കൻഡറി പാലിയേറ്റീവിൽ കിടപ്പുരോഗികൾക്ക് മരുന്നും സഹായ ഉപകരണങ്ങൾ വാങ്ങാനും 10ലക്ഷം രൂപ വകയിരുത്തി. സി.എച്ച്.സി. ലാബ് നവീകരണം, കാൻസർ നിർണയ ക്യാമ്പ്, സ്ഥിരമായി ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കൽ, ലാബ് നവീകരണം,സി.എച്ച്.സി.യ്ക്ക് സോളാർ ഇൻവെർട്ടർ,അങ്കണവാടികൾ ഹൈടെക്ക് ആക്കൽ, വയോജന ക്ലബുകളുടെ രൂപീകരണവും ശാക്തീകരണവും,യോഗ മെഡിക്കൽ ക്യാമ്പ്, വനിതകളുടെ ഓപ്പൺ ജിം, പെരിങ്ങര ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥിനി സൗഹൃദമുറി(പെണ്ണിടം), പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ്,ഭിന്നശേഷിക്കാർക്ക് ശ്രദ്ധകേന്ദ്രം, പട്ടികജാതി കുട്ടികൾക്ക് പഠനമുറി,സ്‌കോളർഷിപ്പ് കോച്ചിംഗ് ക്ലാസ്, പ്രവാസികൾക്കും കുടുംബശ്രീ യൂണിറ്റുകളുടെയും സംരംഭഗ്രൂപ്പുകൾക്ക് ധനസഹായം, കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ പായ്ക്കിംഗ് യൂണിറ്റും വിപണനകേന്ദ്രവും യുവാക്കളുടെയും കുട്ടികളുടെയും കായികക്ഷമത വർദ്ധിപ്പിക്കാൻ സ്‌പോർട്‌സ് ഹബ്, ലൈഫ് പദ്ധതിക്ക് 38ലക്ഷം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 12കോടിയും വകയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അദ്ധ്യക്ഷത വഹിച്ചു.
-----------------
-കരിമ്പ് കൃഷി വ്യാപിപ്പിക്കും
-5 പഞ്ചായത്തുകളിലായി 20 പശുക്കൾ വീതമുള്ള അഞ്ച് യൂണിറ്റ് തുടങ്ങും