മല്ലപ്പള്ളി : 2011 മുതൽ നിയമിച്ച അൺ എക്കണോമിക് സ്‌കൂളിലെ അദ്ധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്ന കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റർ (കെ.എസ്.ടി.സി) ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. പത്ത് വർഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അദ്ധ്യാപകർ ഏറെ ദുരിതത്തിലാണ്. ഉന്നത വിദ്യാഭ്യാസം നേടി നിയമനം ലഭിച്ചിട്ടും ശമ്പളം കിട്ടാതെ ദുരിതമനുഭവിക്കുന്നവർക്ക് നിയമനാംഗീകാരം നൽകി ശമ്പളം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ടി.സി യോഗം ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റ് നടയിൽ സത്യാഗ്രഹം അനുഷ്ഠിക്കുന്ന അദ്ധ്യാപകർക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രിക്കും എൽ.ഡി.എഫ് കൺവീനർക്കും ടീച്ചേഴ്‌സ് സെന്റർ നിവേദനം നൽകി. യോഗം സംസ്ഥാന സെക്രട്ടറി റോയി വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു.