jesna

പത്തനംതിട്ട : വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് വീട്ടിൽ ജയിംസിന്റെ മകൾ ജെസ്‌ന മരിയ ജയിംസിനെ (20) കാണാതായി മൂന്ന് വർഷം തികയാറാകുമ്പോഴാണ് സി.ബി.ഐ വരുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ രണ്ടാംവർഷ ബി.കോം വിദ്യാർത്ഥിയായിരുന്നു ജസ്‌ന. 2018 മാർച്ച് 22ന് മുണ്ടക്കയം പുഞ്ചവയലിലെ അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഒാട്ടോറിക്ഷയിൽ പോയ ജസ്‌ന മുക്കൂട്ടുതറയിൽ ഇറങ്ങിയെന്ന് ഡ്രൈവർ പൊലീസിന് മൊഴി നൽകിയിരുന്നു. എരുമേലി വരെ എത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പിന്നീടൊരു തുമ്പും ലഭിച്ചില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് ഡി.ജി.പി ടാേമിൻ തച്ചങ്കരിയും നിർണായക വിവരങ്ങൾ ലഭിച്ചെന്ന് പത്തനംതിട്ട പൊലീസ് ചീഫായിരുന്ന കെ.ജി.സൈമണും അറിയിച്ചിരുന്നു. ജസ്‌ന ലൗ ജിഹാദിന്റെ ഇരയാണെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചു.

ഇതിനിടെയാണ് ജസ്‌നയുടെ സഹോദരൻ ജയ്സ് ജോണും കെ.എസ്.യു നേതാവ് അഭിജിത്തും സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതിയെ സമീപിച്ചത്.

പൊലീസിന്റെ വിപുലമായ അന്വേഷണം

ആദ്യം അന്വേഷിച്ച ലോക്കൽ പൊലീസ് പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വനത്തിൽ തെരച്ചിൽ നടത്തിയിരുന്നു. ജസ്‌നയുമായി ചാറ്റിംഗ് നടത്തിയ സഹപാഠിയായ യുവാവിനെ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. ജസ്നയെപ്പറ്റി വിവരം നൽകുന്നവർക്ക് ഡി.ജി.പി അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചു. ഇതോടെ തമിഴ്നാട്, കർണാടക, ഗോവ സംസ്ഥാനങ്ങളിൽ ജസ്‌നയെ കണ്ടെന്ന സന്ദേശങ്ങൾ ലഭിച്ചു. അതും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തമിഴ്‌നാട്ടിലെ സേലത്ത് ജസ്‌നയോട് സാദൃശ്യമുള്ള യുവതിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടപ്പോൾ പൊലീസ് അവിടെയുമെത്തി. ജസ്‌ന ക്രൈസ്തവ മഠങ്ങളിലുണ്ടെന്ന പ്രചാരണവും അന്വേഷിച്ചു. ഒരു വർഷം മുമ്പാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. കൊവിഡ് വ്യാപിച്ചതോടെ അന്വേഷണം നിലച്ചു.

സി.ബി.ഐയിലൂടെ നേരറിയാമെന്ന പ്രതീക്ഷയിലാണ് ജസ്നയുടെ കുടുംബം.