 
പത്തനംതിട്ട: മലമുകളിലെ കാടിന്റെ മക്കളുടെ സാമൂഹിക,സാമ്പത്തികാവസ്ഥയും ജീവിതാനുഭവങ്ങളും നേരിട്ട് മനസിലാക്കുന്നതിനായി കൊട്ടാരക്കര കില ഇ.ടി.സിയുടെ നേതൃത്വത്തിൽ റാന്നിയിൽ ആദിവാസി സങ്കേതങ്ങളിൽ ഗോത്രായനം തുടങ്ങി. പുതുതായി സർവീസിലെത്തിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ (വി.ഇ.ഒ) പരിശീലനത്തിന്റെ ഭാഗമായി ആദിവാസി ജനവിഭാഗങ്ങളുടെ ജീവിതം നേരിട്ടറിയാനുള്ള പഠന പരിശീലനമാണ് ഗോത്രായനം.
തിരഞ്ഞെടുത്ത സങ്കേതങ്ങളിലെ പൊതു അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽ ലഭ്യത, വരുമാനം, പൊതുജനാരോഗ്യ സംവിധാനങ്ങൾ തുടങ്ങി സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക സ്ഥിതിയും സംഘം നിരീക്ഷിക്കുന്നുണ്ട്. ആദിവാസി വിഭാഗങ്ങൾക്കായുള്ള വിവിധ സർക്കാർ തദ്ദേശ സ്ഥാപനതല പദ്ധതികളെക്കുറിച്ചും വി.ഇ.ഒ.മാർ വിവരശേഖരണം നടത്തുന്നുണ്ട്.
നാറാണംമൂഴി, പെരുനാട് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത വാർഡുകളിലെ ആദിവാസി ഊരുകളാണ് സംഘം സന്ദർശിച്ചത്.
അടിച്ചിപ്പുഴ, ചോളനാവയൽ, അട്ടത്തോട്, നിലയ്ക്കൽ, ളാഹ, പ്ലാപ്പള്ളി എന്നീ ഗോത്രസങ്കേതങ്ങളിലെ വീടുകൾ, പ്രദേശത്തെ അംഗനവാടികൾ, ഗോത്രനിവാസികളുടെ പൊതു സൗകര്യങ്ങൾ എന്നിവയും സംഘം സന്ദർശിച്ചു.
റാന്നി ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ എന്നിവയുമാണ് സഹകരിച്ചാണ് ഗോത്രായനം.
റാന്നി ബി.ഡി.ഒ ബി.ഉത്തമൻ, ജോ.ബി.ഡി.ഒ. എ.ഫൈസൽ, ജി.ഇ.ഒ. ബി.ലത്തീഫാ ബീഗം, വി.ഇ.ഒമാരായ ഒ.ആർ.മാത്യു, കെ.പി.ഷാൻകുമാർ, പട്ടികവർഗ പ്രൊമോട്ടർമാരായ ആശ, ബിജി, ശ്രീലത, ആശാ പ്രവർത്തക ശാന്തമ്മ എന്നിവരോടൊപ്പമാണ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ ഗോത്രവർഗ സങ്കേതങ്ങൾ സന്ദർശിച്ചത്.
-------------------
വി.ഇ.ഒ.മാർക്ക് പദ്ധതികളെക്കുറിച്ചുള്ള അറിവിനൊപ്പം ഫീൽഡ് തല യാഥാർത്ഥ്യം നേരിട്ടു മനസിലാക്കാൻ ഗോത്രായനത്തിലൂടെ കഴിയും. പദ്ധതി നിർവഹണം കാര്യക്ഷമമാക്കാൻ ഇത്തരം പരിശീലന പരിപാടികൾ പ്രയാേജനപ്പെടും.
ജി.കൃഷ്ണകുമാർ, കില ഇ.ടി.സി പ്രിൻസിപ്പൽ.