 
പത്തനംതിട്ട: കെ.എസ്.എഫ്.ഇ, കുടുംബശ്രീ എന്നിവ സംയുക്തമായി നടത്തുന്ന വിദ്യാശ്രീ ലാപ്‌ടോപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വീണാജോർജ് എം.എൽ.എ നിർവഹിച്ചു. മത്സ്യത്തൊഴിലാളി, ആശ്രയ, പട്ടിക വിഭാഗത്തിൽപെട്ട കുടുംബങ്ങൾക്ക് 50 ശതമാനം സബ്‌സിഡിയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കുടുംബശ്രീ അംഗങ്ങളായിട്ടുള്ളവർ 500 രൂപവീതം 30 മാസം അടക്കേണ്ട പദ്ധതിയാണിത്. ആദ്യ മൂന്നുമാസത്തെ തവണ സംഖ്യ അടച്ചു കഴിഞ്ഞാൽ ലാപ്‌ടോപ്പിനായി അപേക്ഷിക്കാം. 15 ലാപ്‌ടോപ്പുകൾ ചടങ്ങിൽ വിതരണംചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എഫ്.ഇ ഡയറക്ടർ ആർ.രാജഗോപാൽ, വാർഡ് മെമ്പർ എസ്. ഷെമീർ, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എ.മണികണ്ഠൻ, കെ.എസ്.എഫ്.ഇ എ.ജി.എം:വി സാംബുജി, കുടുംബശ്രീ അംഗങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.