
തുമ്പമൺ: മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തുടർച്ചയായി അഞ്ചാം തവണയാണ് തുമ്പമൺ നേടുന്നത്. 10 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഗ്രാമസഭകൾ കൃത്യമായി ചേർന്നും വികസനഫണ്ട്, മെയിന്റനൻസ് ഗ്രാന്റ്, സ്പിൽ ഒാവർ ഫണ്ട് എന്നിവ സുതാര്യമായുംകൃത്യമായും വിനിയോഗിച്ചുമാണ് നേട്ടത്തിലേക്ക് എത്തിയത്. നികുതി പിരിവ് പൂർത്തിയാക്കി തനതു ഫണ്ട് വർദ്ധിപ്പിച്ചു. വർഷാന്ത്യ ധനകാര്യ പദ്ധതികൾ യഥാസമയം ലോക്കൽ ഫണ്ട് ഒാഡിറ്റ് വിഭാഗത്തിന് കൈമാറി. ഭരണസമിതി യോഗങ്ങൾ കൃത്യമായി വിളിച്ചു ചേർത്തു. മിനിട്സുകൾ വ്യക്തമായി തയ്യാറാക്കി. സ്വന്തമായി റേഷൻ കാർഡുള്ള അർഹതപ്പെട്ട എല്ലാവർക്കും ലൈഫ് മിഷനിലൂടെ വീട് നിർമിച്ചു നൽകി. ശുചീകരണത്തിനായി ലഭിച്ച തുക മുഴുവൻ വിനിയോഗിച്ചു. പച്ചത്തുരുത്ത് പദ്ധതി, മികച്ച ഫ്രണ്ട് ഒാഫീസ്, പേപ്പർ ലെസ് ഒാഫീസ് സംവിധാനം തുടങ്ങിയ അവാർഡിന് പരിഗണിച്ചു.
'' പഞ്ചായത്ത് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെയാണ് തുടർച്ചയായി അഞ്ചാം തവണയും സ്വരാജ് ട്രോഫി നേടാൻ കഴിഞ്ഞത്. അഴിമതി രഹിതവും സുതാര്യവുമായിരുന്നു ഭരണം.
സഖറിയ വർഗീസ്,
തുമ്പമൺ പഞ്ചായത്ത് മുൻ പ്രസിഡന്റ്.
മാതൃകയായി മലയാലപ്പുഴ
മലയാലപ്പുഴ: പദ്ധതി നിർവഹണം ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളിലും സുതാര്യത, കണക്കുകളിലെ കൃത്യത, കരം പിരിവിലെ നേട്ടം, തൊഴിലുറപ്പ് ജോലികൾ തുടങ്ങി എല്ലാ രംഗങ്ങളിലും മാതൃകയായതിനാണ് മലയാലപ്പുഴയ്ക്ക് മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ലഭിച്ചത്. ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്താണിത്. കരം പിരിവ് 85.96 ശതമാനം കടന്നു. പദ്ധതികൾ ഏറ്റെടുക്കുന്നതിൽ പുതിയ ആശയങ്ങൾക്ക് പ്രാധാന്യം നൽകി. കൂടുതൽ പദ്ധതികളും ടെണ്ടർ മുഖേന നടപ്പാക്കി. 20ലക്ഷം രൂപയോളം ടെണ്ടർ സേവിംഗ്സ് ആയി മുതൽക്കൂട്ടായി. ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികൾക്ക് ഉദാഹരണമായി എടുത്തത് മലയാലപ്പുഴയിലെ സ്കൂൾ കെട്ടിടവും ബസ് സ്റ്റാൻഡ് നിർമാണവുമാണ്. നിലവിലെ ബസ് സ്റ്റാൻഡ് സ്ഥലത്ത് സ്കൂൾ കെട്ടിടം പൂർത്തിയാകുന്നു. നിലവിൽ സ്കൂൾ നിൽക്കുന്നിടം ബസ് സ്റ്റാൻഡാകും. പദ്ധതികൾക്ക് 1.18 കോടിയാണ് ചെലവാക്കുന്നത്. തൊഴിലുറപ്പ് ജോലികൾക്ക് 3.50 കോടി ചെലവാക്കി. സ്ത്രീകൾക്കും കുട്ടികൾക്കുമിതിരായ അക്രമം തടയാൻ ജാഗ്രതാ സമിതികളുടെ ശക്തമായ പ്രർത്തനം, ആർദ്രം, ഹരിതകേരളം മിഷൻ പ്രവർത്തനങ്ങൾ, ജനസൗഹൃദ ഫ്രണ്ട് ഒാഫീസ് തുടങ്ങിയവയിലും പഞ്ചായത്ത് മികച്ച പ്രവർത്തനം നടത്തി.
'' പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിലും പദ്ധതി നിർവഹണത്തിലും ശരിയായ ഏകോപനവും മേൽനോട്ടവുമാണ് ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിക്ക് അർഹമാക്കിയത്.
കെ.ജയലാൽ,
മലയാലപ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ്.