പത്തനംതിട്ട: നഗരവികസനത്തിനും കൃഷിക്കും, ആരോഗ്യത്തിനും, മുൻഗണന നൽകി ഈ വർഷത്തെ നഗരസഭാ ബഡ്ജറ്റ് വൈസ് ചെയർപേഴ്‌സൺ ആമിനാ ഹൈദരാലി അവതരിപ്പിച്ചു. 73,00,10,771 രൂപ വരവും 62,10,33,000 രൂപ ചെലവും 10,89,77,771 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.
ജില്ലാ സ്റ്റേഡിയം ആധുനിക രീതിയിലാക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 10,00000 രൂപ. ശ്രീചിത്തിര തിരുനാൾ ടൗൺഹാൾ നവീകരിക്കുന്നതിനായി ഇരുപത് ലക്ഷം. പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ആധുനികസൗകര്യങ്ങളോടു കൂടി ഓഫീസ് കം ഷോപ്പിംഗ് കോംപ്ലസിനായി രണ്ട് കോടി. ഓഡിറ്റോറിയം നിർമ്മാണത്തിനായി 50 ലക്ഷം രൂപ. കുമ്പഴയിലും, പത്തനംതിട്ട മാർക്കറ്റിലുമായി നിർമ്മിക്കുന്ന മത്സ്യമാർക്കറ്റുകൾക്കായി 25 ലക്ഷം രൂപ. തിരുവനന്തപുരം ശാന്തി കവാടം മാതൃകയിൽ നഗരത്തിൽ വൈദ്യുത ശ്മശാനത്തിനായി ഒരുകോടി. റിംഗ് റോഡ് വീതികൂട്ടുന്നതിനായി ഒരു കോടി രൂപ. ഇൻഡോർ സ്റ്റേഡിയത്തിന്റെ തുടർ നിർമ്മാണത്തിന് രണ്ട് കോടി. മാലിന്യ സംസ്‌കരണത്തിന് 30 ലക്ഷം രൂപ. സിഗ്നൽ ലൈറ്റുകൾക്കായി 15 ലക്ഷം രൂപ .
സമഗ്രമാർഷിക വികസനപദ്ധതിക്കായി 10ലക്ഷം രൂപ. തൊടിയിൽ മത്സ്യക്കുളം പദ്ധതിക്ക് അഞ്ച് ലക്ഷം. കന്നുകാലി ഇൻഷുറൻസിന് എട്ട് ലക്ഷവും, സബ്‌സിഡി നിരക്കിൽ കാലിത്തീറ്റയ്ക്ക് മൂന്ന് ലക്ഷവും, ഒരുവീട്ടിൽ ഒരു തെങ്ങ് പദ്ധതിക്കായി അഞ്ച് ലക്ഷവും, വാഴകൃഷിക്കായി രണ്ട് ലക്ഷവും വകയിരുത്തി.
നഗരസഭയ്ക്ക് വിട്ടുകിട്ടിയ ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിനായി രണ്ട് കോടി. നഗരസഭാ പ്രദേശത്ത് ഹോമിയോ ആശുപത്രി നിർമ്മാണത്തിനായി 30 ലക്ഷം രൂപ. നിർദ്ധന രോഗികൾക്ക് ധനസഹായം നൽകുന്നതിനായി ചെയർമാന്റെ ദുരിതാശ്വാസ നിധി തുടരും. കൊവിഡ് പ്രതിരോധത്തിനായി 60 ലക്ഷം രൂപ. അംഗീകൃത ഏജൻസികളുമായി ചേർന്ന് യോഗാ സെന്ററുകൾ ആരംഭിക്കും
കുടിവെള്ളം ക്ഷാമം നേരിടുന്ന വാർഡുകളിലെ കുടിവെള്ള പദ്ധതിക്കായി അഞ്ച് കോടി രൂപ.
പൊതുമരാമത്ത് പ്രവർത്തികൾ
വാർഡുകളിലെ മരാമത്ത് പ്രവർത്തികൾക്കായി 2.24 ലക്ഷം രൂപ. നഗരസഭയിൽ ആധുനിക രീതിയിലുള്ള കൗൺസിൽ ഹൗളിനായി 10ലക്ഷം. വാർഡുകളിൽ സ്ട്രീറ്റ്‌മെയിൻ വലിക്കുന്നതിനായി 35 ലക്ഷം. നഗരസഭയിൽ റെക്കാർഡ് റൂം റാമ്പിനായി 35 ലക്ഷം. തെരുവ് വിളക്കുകൾ എൽ.ഇ.ഡി.ആക്കുന്നതിന് ഒരുകോടി. നഗരസഭ കെട്ടിടങ്ങളിൽ സോളാർ പാനലിന് 25 ലക്ഷവും വകയിരുത്തി. ശബരിമല ഇടത്താവളത്തിൽ ആധുനിക രീതിയിലുള്ള ഓഡിറ്റോറിയവും കെട്ടിട സമുച്ചയവും, കുളത്തിന്റെയും പ്രാരംഭ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപ. പ്രവർത്തന രഹിതമായി കിടക്കുന്ന വനിതാ ഹോസ്റ്റൽ ആധുനിക രീതിയിൽ നവീകരിക്കാനായി 10 ലക്ഷം രൂപ.
പ്രീമെട്രിക്ക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് സൗജന്യ സ്‌കൂൾ യാത്രാ സൗകര്യത്തിനായി 60,75,000 രൂപ. കെട്ടിക്കിടക്കുന്ന സാമൂഹ്യക്ഷേമ പെൻഷനുകളുടെ അപേക്ഷകൾ അദാലത്തിലൂടെ പരിഹരിച്ച് പെൻഷനുകൾ നൽകും. അങ്കണവാടികൾക്ക് സ്ഥലം കണ്ടെത്തി നിർമ്മിക്കുന്നതിന് 30 ലക്ഷം രൂപ. അങ്കണവാടി കുട്ടികളുടെ ഫെസ്റ്റുകൾക്കായി ഒരുലക്ഷം. പാലിയേറ്റീവ് കെയർ പദ്ധതിക്ക് 15 ലക്ഷം. സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായം 10ലക്ഷവും, പട്ടികജാതി കോളനികൾക്കായി 25 ലക്ഷവും വകയിരുത്തി.
.