temple
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രവളപ്പിൽ നെടുമ്പ്രം കരക്കാർ തെങ്ങിൻ തൈകൾ സമർപ്പിച്ചപ്പോൾ

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ അഞ്ചാം ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ ആഘോഷക്കൊടിയേറി. മതിൽക്കെട്ടിന് പുറത്തുള്ള കുളക്കരയിൽ 72 അടി ഉയരമുള്ള ധ്വജസ്തംഭത്തിലാണ് കൊടിമരത്തോളം നീളമുള്ള കൊടിക്കൂറ ഉയർത്തിയത്. അഞ്ചാംഉത്സവം മുതലാണ് ഓട്ടൻതുള്ളൽ പോലുള്ള ക്ഷേത്രകലകൾ അരങ്ങിലെത്തുന്നത്. ഇന്ന് വൈകുന്നേരം നാഗസ്വരത്തിനുശേഷം അമ്പതോളം കലാകാരന്മാരെ അണിനിരത്തി നാദവിസ്മയമായ പഞ്ചാരിമേളത്തോടുകൂടിയുള്ള സേവ നടക്കും. നാളെ മുതൽ രാവിലെയും വൈകിട്ടും ശ്രീവല്ലഭസ്വാമിയെയും സുദർശനമൂർത്തിയെയും സേവപ്പന്തലിൽ എഴുന്നള്ളിച്ച് കൊട്ടിപ്പാടിസ്സേവ കഴിഞ്ഞ് നാഗസ്വരത്തോടുകൂടി നാലുദിവസം നീണ്ടുനില്ക്കുന്ന സേവയ്ക്കു തുടക്കമാകും. പള്ളിവേട്ടദിവസമായ 24 വരെ രാവിലെയും വൈകുന്നേരവും സേവ നടക്കുമ്പോൾ ഭക്തജനങ്ങൾക്ക് കൊവിഡ് ചട്ടങ്ങൾ പാലിച്ച് ഇരുദേവന്മാരുടെയും മുൻപിൽ പറയിടുവാനുള്ള സൗകര്യം ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. അന്നേദിവസം വൈകുന്നേരം ദീപാലങ്കാരത്തോടും കർപ്പൂരാരാധനയോടുംകൂടി സേവ പൂർത്തിയാകും.

കരക്കാർ തെങ്ങിൻതൈകൾ സമർപ്പിച്ചു

ദേവഹരിതം പദ്ധതിയുടെ ഭാഗമായി ശ്രീവല്ലഭ മഹാക്ഷേത്ര വളപ്പിൽ തെങ്ങിൻതൈകൾ നട്ടു. ക്ഷേത്ര ഉത്സവത്തിന് കരക്കാർ സമർപ്പിക്കുന്ന തൈകളാണ് നടുന്നത്. ദേവഹരിതം പദ്ധതിയുടെ ഭാഗമായി കദളി വാഴ, തുളസി, പൂജാ പുഷ്പങ്ങൾ എന്നിവയുടെ തോട്ടം നേരത്തെ ഒരുക്കിയിരുന്നു. നെടുമ്പ്രം, പൊടിയാടി പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്നും കൊണ്ടുവന്ന ഫലവൃക്ഷത്തൈകൾ കൊടിമരച്ചുവട്ടിൽ സമർപ്പിച്ചു. കാരപ്രതിനിധികളുടെ നേതൃത്വത്തിൽ നാമജപത്തോടെ ക്ഷേത്ര പ്രദക്ഷിണം നടത്തിയശേഷമാണ് തൈകൾ നട്ടത്. ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ ടി.പി നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.