kerala

പത്തനംതിട്ട : വനം സംരക്ഷണ സമിതികളിലെ ജനാധിപത്യ രീതികൾ നഷ്ടപ്പെടുന്നതായി ആക്ഷേപം. ആറുമാസത്തിൽ ഒരിക്കൽ നടന്നിരുന്ന പൊതുയോഗം നടക്കുന്നില്ല. കൃത്യമായി നടന്നുവന്നിരുന്ന തിരഞ്ഞെടുപ്പും മുടങ്ങിയിരിക്കുകയാണ്. ഇതോടൊപ്പം ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസി എല്ലാ മാസവും യോഗം വിളിക്കണമെന്നുണ്ടെങ്കിലും പലയിടത്തും നടക്കുന്നില്ല. കൊവിഡ് സാഹചര്യം ഉണ്ടാകുന്നതിന് മുമ്പേ സമിതിയുടെ പ്രവർത്തനം ഒരുകൂട്ടം ആളുകളിൽ ഒതുങ്ങുകയായിരുന്നു. പുതിയ ആളുകൾക്ക് സമിതിയിൽ എത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. വന സംരക്ഷണത്തിന് ജനകീയപങ്കാളിത്തം കൂടി ഉറപ്പു വരുത്തണമെന്ന ലക്ഷ്യത്തോടെയാണ് വനത്തിനടുത്തുള്ള ആളുകളെ കൂട്ടിയോജിപ്പിച്ച് വനസംരക്ഷണ സമിതി രൂപീകരിക്കുന്നത്.

വനം സംരക്ഷണ സമിതി

ഒരു പ്രത്യേക പ്രദേശത്തെ വനാശ്രിത സമൂഹത്തിന്റെ കൂട്ടായ്മയാണ് വനം സംരക്ഷണ സമിതി. ഒരാളായിരിക്കും സമിതി പ്രസിഡന്റ്. സ്ഥലത്തെ ഫോറസ്റ്റ് ഗാർഡോ ഫോറസ്റ്ററോ ആയിരിക്കും സെക്രട്ടറി. ആദിവാസികൾക്കും സ്ത്രീകൾക്കും പ്രത്യേക പരിഗണന നൽകും. ഓരോ സമിതിക്കും അംഗീകാരവും രജിസ്‌ട്രേഷൻ നമ്പറും നൽകുന്നത് ഡി.എഫ്.ഒ ആണ്. സമിതിയും വനംവകുപ്പും ചേർന്ന് ശുഷ്‌കവനങ്ങളെ പരിപോഷിപ്പിക്കാനും സമഗ്ര ഗ്രാമവികസനത്തിനുള്ള പദ്ധതികളും തയാറാക്കുന്നു.

സമിതിയുടെ ചുമതലകൾ

കാട്ടുതീ, കള്ളവാറ്റ്, നായാട്ട്, തടിമോഷണം എന്നിവയിൽ നിന്ന്

വനത്തെ സംരക്ഷിക്കുക.

വനത്തിലെ ചെറുചരക്കുകളുടെ ശേഖരണത്തിൽ

സ്വയം നിയന്ത്രണം ഏർപ്പെടുത്തുക.

സമിതിയുടെ പ്രവർത്തന ലാഭം ഗ്രാമ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയോ അംഗങ്ങളുമായോ പങ്കുവയ്ക്കുക.

ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസി (എഫ്.ഡി.എ)

ഒരു ഫോറസ്റ്റ് ഡിവിഷനിലെ എല്ലാ വനസംരക്ഷണ സമിതി , ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികളുടേയും കൂട്ടായ്മയാണ് ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസി.

"പല കാര്യങ്ങളും പൊതുയോഗത്തിലാണ് തീരുമാനിക്കുന്നത്. തിരഞ്ഞെടുപ്പുകൾ നടന്നില്ലെങ്കിൽ നിലവിലുള്ളവർ തന്നെ തുടരും. വർഷങ്ങളായി ഒരേ ആളുകൾ ആയാൽ മറ്റുള്ളവർക്ക് പങ്കാളിത്തം കുറയും. "

സമിതിയംഗം