road

കോന്നി : മലയോര മേഖലയുടെ വികസനത്തിന് മുതൽക്കൂട്ടായി 87.65 കോടി രൂപ ചെലവിട്ട് അച്ചൻകോവിൽ - പ്ലാപ്പള്ളി റോഡ് നവീകരിക്കുന്നു. തമിഴ്‌നാട്ടിൽ നിന്നെത്തുന്ന ശബരിമല തീർത്ഥാടകർക്ക് ഏറെ ഗുണം ചെയ്യുന്ന റോഡിന് നാല് റീച്ചുകളാണുള്ളത്. അച്ചൻകോവിലിൽ നിന്ന് ആരംഭിക്കുന്ന റോഡ് കല്ലേലി, തണ്ണിത്തോട്, ചി​റ്റാർ, സീതത്തോട് എന്നിവടങ്ങളിലൂടെയാണ് പ്ലാപ്പള്ളിയിൽ എത്തുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ ചെങ്കോട്ടയിൽ നിന്ന് ശബരിമലയിലെത്താൻ പുനലൂർ - കോന്നി റോഡിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ പുതിയ റോഡ് യാഥാർത്ഥ്യമായാൽ 40 കിലോമീ​റ്റർ ദൂരം തീർത്ഥാടകർക്ക് ലാഭിക്കാൻ കഴിയും. കോന്നി മെഡിക്കൽ കോളേജിൽ കിടത്തിച്ചികിത്സ ആരംഭിച്ചതോടെ കൊല്ലത്തുനിന്നും തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് എത്തുന്നവർ ഉപയോഗിക്കുന്ന പ്രധാനപാതയായും ഇത് മാറും.

അപകട രഹിത പാത ലക്ഷ്യം

ഓരോ റീച്ചിലും കലുങ്ക്,ഓട,ഐറിഷ് ഡ്രയിൻ, പ്രധാന ജംഗ്ഷനുകളിൽ ഫുട്പാത്ത്, സംരക്ഷണ ഭിത്തി, ക്രാഷ് ബാരിയറുകൾ, സൈൻ ബോർഡുകൾ എന്നിവ സ്ഥാപിക്കും. കൂടാതെ രാത്രികാല അപകടം കുറയ്ക്കുന്നതിനായി റോഡ് സ്​റ്റഡുകളും സ്ഥാപിക്കും. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റബർ ചേർത്ത് ബി​റ്റുമിനും പ്ലാസ്​റ്റിക്കും ഉപയോഗിച്ചാകും റോഡ് ടാറിംഗ് പൂർത്തിയാക്കുക.

സീതത്തോട്ടിൽ പുതിയ പാലം

ഒന്നാം റീച്ചിൽ 50 കലുങ്കുകളാണ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി സജ്ജമാക്കുക. രണ്ടാം റീച്ചിൽ അഞ്ച് കലുങ്കുകളും മൂന്നാം റീച്ചിൽ എട്ടും നാലാം റീച്ചിൽ 14 കലുങ്കുകളും നിർമ്മിക്കും. സീതത്തോട് പാലം പുനർനിർമ്മിക്കും. വീതികുറഞ്ഞ പാലമാണിവിടെ ഉള്ളത്. 13.5 മീ​റ്റർ നീളത്തിലാണ് പാലം നിർമ്മിക്കുന്നത്.

മലയോര മേഖലയുടെ വികസനത്തിന് വഴിയൊരുക്കുന്ന റോഡിന്റെയും സീതത്തോട് പാലത്തിന്റെയും നിർമ്മാണം കാലതാമസം കൂടാതെ, ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിവരികയാണ്.

കെ.യു.ജനീഷ് കുമാർ : എം.എൽ.എ