 
പത്തനംതിട്ട: പിൻവാതിൽ നിയമനങ്ങൾക്ക് എതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പ്രവർത്തകർ ബാരിക്കേഡ് തകർത്ത് മുന്നേറാൻ ശ്രമിച്ചപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പ്രവർത്തകരിൽ ചിലർ താഴെ വീണു. പിന്മാറാത്ത പ്രവർത്തകർ നിരവധി തവണ ബാരിക്കേഡ് ഭേദിക്കാൻ ശ്രമം നടത്തി. സെൻട്രൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് കളക്ടറേറ്റ് കവാടത്തിൽ പൊലീസ് തടഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ആബിദ് ഷെഹിം, എസ്. ഷൈലു, വിമൽ കൈതക്കൽ, എം. അനിലാ ദേവി, ഷിനി തങ്കപ്പൻ, ജില്ലാ ഭാരവാഹികളായ ലക്ഷ്മി അശോക്, രെഞ്ചു മുണ്ടിയിൽ, ഷിജു അഞ്ചകാലാ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ജോയൽ മുക്കരണത്ത്, ഗോപു കരുവാറ്റ, ജാസ് പോത്തൻ, നഹാസ് പത്തനംതിട്ട ,റിനോ പി. രാജൻ, ഫെന്നി നൈനാൻ അഭിജിത് സോമൻ, ശ്രീനാഥ് എന്നിവർ സംസാരിച്ചു.