 
പത്തനംതിട്ട : കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം വലിയ കുതിച്ചുച്ചാട്ടമാണ് നടത്തുന്നതെന്ന് കായിക മന്ത്രി ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടു. കൊടുമൺ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നാടും നഗരവും കളിക്കളത്താൽ നിറയുകയാണ്. ഉന്നത നിലവാരത്തിലുള്ള ദേശീയ, അന്തർദേശീയ മത്സരങ്ങൾ നടത്താൻ ഉതകുന്ന സ്റ്റേഡിയമാണിത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് സ്റ്റേഡിയം നിർമിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 13 സ്റ്റേഡിയങ്ങൾ ഇതിനോടകം നാടിന് സമർപ്പിച്ചു. കായിക മികവിൽ മുൻപിൽ നിൽക്കുന്ന സ്ഥലമാണ് പത്തനംതിട്ടയിലെ കൊടുമൺ. കായിക വികസനത്തിനൊപ്പം പൊതുജനങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുത്താം. ശാരീരിക പ്രതിരോധത്തിന് മൈതാനങ്ങൾ പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു. കൊടുമൺ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന സ്റ്റേഡിയമാണ് യഥാർത്ഥ്യമായതെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു. കിഫ്ബി പദ്ധതിയിലൂടെ 15 കോടി രൂപ ചെലവഴിച്ചാണ് പണി പൂർത്തീകരിച്ചത്. കൊടുമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ, അടൂർ നഗരസഭ ചെയർമാൻ ഡി. സജി, ജില്ലാ പഞ്ചായത്ത് അംഗം ബീന പ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ.ബി. രാജീവ് കുമാർ, കുഞ്ഞന്നാമ്മ കുഞ്ഞ്, കൊടുമൺ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യദേവി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വിപിൻ കുമാർ, സി. പ്രകാശ്, ചെയർപേഴ്‌സൺ രതീദേവി, വാർഡ് മെമ്പർമാരായ സി. പ്രകാശ്, എ.ജി. ശ്രീകുമാർ, എ.പി. ജയൻ, എ.എൻ. സലീം, കൊടുമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എൻ. അനിൽ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ, കിറ്റ്‌കോ ഗ്രൂപ്പ് ഹെഡ് ജി. രാകേഷ്, സിനിമാ താരം പ്രവീൺ പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.