 
മലയാലപ്പുഴ: 1940 കളിൽ ഉത്സവപറമ്പുകളിലെ ആസ്വാദകരെ കഥ പറഞ്ഞ് ഇരുത്തിയ കാഥിക മലയാലപ്പുഴ സൗദാമിനിയമ്മയ്ക്ക് നൂറ് വയസിന്റെ തിളക്കം. നൂറാം ജന്മദിനം കഴിഞ്ഞ19 ന് മലയാലപ്പുഴ കാഞ്ഞിരപ്പാറയിലെ വീട്ടിൽ അടുത്ത ബന്ധുക്കളും അയൽവാസികളും ചേർന്ന് ആഘോഷിച്ചു. മധ്യതിരുവിതാംകൂറിൽ നിന്ന് 1950കളിൽ കലാരംഗത്ത് ശോഭിച്ച ആറൻമുള പൊന്നമ്മ, ഓമല്ലൂർ ചെല്ലമ്മ, അടൂർ ഭവാനി, അടൂർ പങ്കജം, കവിയൂർ പൊന്നമ്മ എന്നിവർക്കൊപ്പം ചേർക്കേണ്ട പേരാണ് സൗദാമിനിയമ്മയുടേത്. മലയാലപ്പുഴ മുണ്ടോത്തറയിൽ കേശവന്റെയും കുഞ്ഞിക്കാവമ്മയുടെയും മകളായി 1921 ലാണ് ജനനം. പന്ത്രണ്ടാമത്തെ വയസിൽ അടൂർ കേശവപിള്ളയുടെ കീഴിൽ സംഗീതവും തിരുവല്ല കെ.ജി.കേശവപണിക്കരുടെ കീഴിൽ ഹാർമോണിയവും പഠിച്ചു. നിരവധി സംഗീത കച്ചേരികൾ അവതരിപ്പിച്ച സൗദാമിനിയമ്മ എം.പി.മൻമദന്റെ ട്രൂപ്പിൽ ഹാർമോണിയം വായിക്കാൻ ചേർന്നു. അവിടെ നിന്ന് കെ.കെ.വാദ്യാരുടെ സംഘത്തിലെത്തി. സത്യദേവൻ, ജോസഫ് കൈമാപറമ്പൻ, എം.പി.മൻമദൻ എന്നിവർക്കൊപ്പമായിരുന്നു അക്കാലത്ത് കഥാപ്രസംഗകലയിൽ കെ.കെ.വാദ്യാരുടെ സ്ഥാനം. അദ്ദേഹത്തിന്റെ കഥാപ്രസംഗങ്ങളെ ജനപ്രിയമാക്കിയത് സൗദാമിനിയമ്മയുടെ പാട്ടുകളായിരുന്നു. പിന്നീട് വാദ്യാരുടെ ജീവിത സഖിയുമായി. 1975 ൽ അദേഹം മരിക്കുന്നതുവരെ ഇരുവരും കലാവേദികളിൽ നിറഞ്ഞ് നിന്നു. മക്കളില്ലാത്തതിന്റെ ദുഃഖം ഈ ദമ്പതികളെ അലട്ടുമ്പോഴും കഥ പറഞ്ഞും പാടിയും ഇരുവരും പ്രേക്ഷകരെ സന്തോഷിപ്പിച്ചു. വാദ്യാരുടെ മരണശേഷവും സൗ ദാമിനിയമ്മ കഥാപ്രസംഗം നടത്തി. മഹാകവി കുമാരനാശാന്റെ കരുണയും ചങ്ങമ്പുഴയുടെ രമണനുമായിരുന്നു പ്രധാനകഥകൾ. ആദ്യമായി കഥാപ്രസംഗം അവതരിപ്പിച്ചത് ജന്മനാടായ മലയാലപ്പുഴയിൽ മഹാകവി പുത്തൻകാവ് മാത്തൻ തരകന്റെയും, ബന്ധുവായ എൻ.എൻ.സദാനന്ദന്റെയും പ്രേരണയിലായിരുന്നുവെന്ന് സൗദാമിനിയമ്മ ഓർമ്മിക്കുന്നു. ആദ്യകാലത്ത് രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും സിങ്കപ്പൂർ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും പരിപാടികൾ അവതരിപ്പിച്ചു. സിങ്കപ്പൂരിൽ ഒരേ സ്ഥലത്ത് 13 തവണ കഥാപ്രസംഗം നടത്തി. അടുത്ത കാലംവരെ നാട്ടിലെ കുട്ടികളെ ശാസ്ത്രീയ സംഗീതം പഠിപ്പിച്ചിരുന്നു. സൗദാമിനിയമ്മയെ മലയാലപ്പുഴയിൽ പാട്ടമ്മ എന്നാണ് അറിയപ്പെടുന്നത്.