photo
കോന്നി മെഡിക്കൽ കോളേജിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ രൂപരേഖ

കോന്നി : ഗവ. മെഡിക്കൽ കോളജിന്റെ രണ്ടാംഘട്ട നിർമ്മാണ കരാർ രാജസ്ഥാനിലെ അജ്മീർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജഥൻ കൺസ്ട്രക്ഷൻ പ്രൈവ​റ്റ് ലിമി​റ്റഡ് എന്ന നിർമ്മാണ കമ്പനിയ്ക്ക്. എസ്​റ്റിമേ​റ്റ് തുകയിൽ നിന്നും 15 കോടി താഴ്ത്തി 199 കോടി രൂപയ്ക്കാണ് കമ്പനി കരാർ ഏ​റ്റെടുത്തിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ 110 കോടി രൂപയുടെ പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണവും ഈ കമ്പനിയാണ് നടത്തുന്നത്. രണ്ട് വർഷമാണ് നിർമ്മാണ കാലവധി. 200 കിടക്കകളുള്ള ആശുപത്രി ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് രണ്ടാം ഘട്ടത്തിൽ നിർമ്മിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ 500 കിടക്കകൾ ഉള്ള ആശുപത്രിയായി മെഡിക്കൽ കോളജ് ഉയരും.

രണ്ടാംഘട്ടത്തിൽ

രണ്ടാംഘട്ടത്തിന്റെ ഭാഗമായി അക്കാദമിക്ക് ബ്ലോക്കിന്റെ എക്സ്​റ്റൻഷൻ മൂന്ന് നിലയിൽ നിർമ്മിക്കും. അഞ്ച് നിലയിലുള്ള ആൺകുട്ടികളുടെ ഹോസ്​റ്റലിൽ 200 കുട്ടികൾക്കുള്ള താമസ സൗകര്യമാണ് തയ്യാറാക്കുന്നത്. 235 പേർക്ക് താമസ സൗകര്യമൊരുക്കുന്ന പെൺകുട്ടികളുടെ ഹോസ്​റ്റൽ അറ് നിലയിലാണ് നിർമ്മിക്കുന്നത്. 11 നിലകളിൽ നിർമ്മിക്കുന്ന ക്വാർട്ടേഴ്‌സിൽ എ, ബി, സി, ഡി എന്നീ നാല് വിഭാഗങ്ങൾ ഉൾപ്പെടുന്നു. ഓരോ വിഭാഗത്തിലും 40 അപ്പാർട്ട്‌മെന്റുകൾ വീതം ഉണ്ടാകും.1000 സീ​റ്റുകൾ ക്രമീകരിച്ചിട്ടുള്ള ഓഡി​റ്റോറിയവും നിർമ്മിക്കും. മോർച്ചറിയും പോസ്​റ്റ്‌മോർട്ടം സൗകര്യങ്ങളും ക്രമീകരിച്ചിട്ടുള്ള ബ്ലോക്ക്, ലോൺട്രി ബ്ലോക്ക് എന്നിവയും രണ്ടാം ഘട്ടത്തിൽ നിർമ്മിക്കും. രണ്ട് ലക്ഷം ലി​റ്റർ ശേഷിയുള്ള സീവേജ് ട്രീ​റ്റ്‌മെന്റ് പ്ലാന്റ്, 7000 ലി​റ്റർ ശേഷിയുള്ള ഇഫ്‌ളുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, മഴവെള്ളം ശേഖരിക്കുന്നതിനുള്ള സംഭരണി തുടങ്ങിയവയും നിർമ്മിക്കും. പ്രിൻസിപ്പലിന് താമസിക്കുന്നതിനുള്ള ഡീൻ വില്ല, 400 മീ​റ്റർ ട്രാക്കോടുകൂടിയ കളിസ്ഥലം തുടങ്ങിയവയും രണ്ടാംഘട്ടത്തിന്റെ ഭാഗമാണ്.

രണ്ടാംഘട്ട നിർമ്മാണം പൂർത്തിയാകുന്നതോടെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ആശുപത്രിയിൽ സജ്ജമാകും. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും.

കെ.യു. ജനീഷ് കുമാർ എം.എൽ.എ