acciden
മഞ്ഞിനിക്കര പേഴുംമൂട് ജംഗ്ഷനിൽ വാഹനാപകടത്തിൽ കാലൊടിഞ്ഞയാളെ ആളെ സ്കൂട്ടറിൽ ഒപ്പം സഞ്ചരിച്ച വീട്ടമ്മ റോഡരികിലേക്ക് മാറ്റിയപ്പോൾ

ഓമല്ലൂർ : മഞ്ഞിനിക്കര പേഴുംമൂട് ജംഗ്ഷനിൽ അപകടം തുടർക്കഥയാകുന്നു.കുളനട - പത്തനംതിട്ട റോഡിൽ ഓമല്ലൂർ മാർക്കറ്റ് ജംഗ്ഷനിലേക്ക് തിരിയുന്ന ഭാഗമാണ് പേഴുംമൂട് ജംഗഷൻ. ജംഗ്ഷനിലെ കൊടും വളവും മാർക്കറ്റിൽ നിന്ന് വരുന്ന റോഡിലെ കുത്തനെയുള്ള ഇറക്കവുമാണ് ഇവിടെ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നത്. ഇന്നലെ ഉച്ചക്ക് കല്ല് കയറ്റി വന്ന ടെമ്പോയും ഇരുചക്രവാഹനവുമായി കൂട്ടിഇടിച്ച് അപകടം ഉണ്ടായി. ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന നാരങ്ങാനത്ത് വാഴക്കുഴിയിൽ ശ്രീധരൻ പിള്ളയുടെ ഇടതുകാൽ ഒടിഞ്ഞ് തൂങ്ങി അസ്ഥി കഷ്ണം റോഡിലേക്ക് തെറിച്ച് വീണു. ബന്ധുവായ വീട്ടമ്മ ഓടിച്ച ഇരു ചക്രവാഹനത്തിന്റെ പുറകിലിരുന്ന് മാർക്കറ്റ് ജംഗ്ഷനിലേക്ക് പോകുംവഴിയാണ് അപകടം ഉണ്ടായത്. വാഹനങ്ങളോ ആംബുലൻസോ ലഭിക്കാതിരുന്നതിനാൽ അപകടം നടന്ന് ഒരു മണിക്കൂർ കഴിഞ്ഞാണ് അദ്ദേഹത്തെ നാട്ടുകാർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ ഭാഗത്തെ റോഡുകൾ ഉന്നത നിലവാരത്തിലേക്ക് മാറ്റി ടാർ ചെയ്ത ശേഷം പേഴുംമൂട് ജംഗ്ഷനിൽ അപകടം നിത്യസംഭവമാണ്. പുതുക്കിപ്പണിയുന്നതിന് മുൻപ് റോഡിന്റെ ഇരുവശത്തും ഹംബുകളും മുന്നറിയിപ്പ് ബോർഡുകളും ഉണ്ടായിരുന്നു. ഇവ പുന:സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.