അടൂർ :പഴകുളം സർവീസ് ബാങ്കിൽ ഇന്ന് നടന്ന ഭരണസമിതി തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടും കള്ള വോട്ടുകളും നടന്നതിൽ പ്രതിഷേധിച്ചു കോൺഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു . വ്യാജ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് താലൂക്കിലെ വിവിധ ഇടങ്ങളിൽ നിന്നും വോട്ടില്ലാത്തവരെകൊണ്ട് വോട്ട് ചെയ്യിപ്പിച്ചെന്നാരോപിച്ചായിരുന്നു ബഹിഷ്ക്കരണം. കള്ള വോട്ട് ചോദ്യം ചെയ്തപ്പോൾ കോൺഗ്രസ് -യൂത്ത് കോൺഗ്രസ് നേതാക്കളായ രൂപൻ സജികുട്ടി, ഷിബു ഉണ്ണിത്താൻ എന്നിവരെ കൈയേറ്റം ചെയ്യുകയും രൂപൻ സജികുട്ടിയെ പരിക്കുകളോടെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. റിട്ടേണിംഗ് ഓഫീസറോട് സംഘത്തിന്റെ സീലോ സെക്രട്ടറിയുടെ ഒപ്പോ ഇല്ലാത്ത വ്യാജ ഐഡന്റിറ്റി കാർഡ് വെച്ചാണ് വോട്ട് ചെയ്യുന്നതെന്ന് വ്യാജ കാർഡ് വാങ്ങി ബോദ്ധ്യപ്പെടുത്തിയിട്ടും, നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചുമാണ് ഇലക്ഷൻ ബഹിഷ്കരിച്ചത്. കള്ളവോട്ട് നടക്കുന്നത് തടയാൻ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന ആരോപണവും ഉണ്ട്. വോട്ടെടുപ്പ് ബഹിഷ്കരിച്ച ശേഷം വായനശാല ജംഗ്ഷനിൽ നിന്ന് പതിനാലാം മൈൽ ജംഗ്ഷനിലേക്ക് പ്രകടനം നടത്തുകയും ചെയ്തു. തുടർന്ന് നടന്ന പ്രതിഷേധ യോഗം കെ.പി.സിസി നിർവാഹകസമിതി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ,ഡി.സി.സി ജനറൽ സെക്രട്ടറി ഏഴംകുളം അജു, കമറുദ്ദീൻ മുണ്ടുതറയിൽ, മുണ്ടപ്പള്ളി സുഭാഷ്, ദിവ്യ അനീഷ്, റോസമ്മ സെബാസ്റ്റ്യൻ,മണ്ഡലം വൈസ് പ്രസിഡന്റ് ഹരികുമാർ, അലക്സ് കോയിപ്പുറത്ത്,പി.ജി സുകു, ജോഗീന്ദർ, ഷിബു ഉണ്ണിത്താൻ, ജിതിൻ തോമസ് ,സുരേഷ് കുമാർ,ബാവച്ചൻ, അബു ഏബ്രഹം,സുധ രമണൻ, ലളിതാ കെ.എസ്, ഷാൻ ഗോപി, തുടങ്ങിയവർ സംസാരിച്ചു. നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും യോഗം മുന്നറിയിപ്പു നൽകി.