ഇലന്തൂർ: ഇലന്തൂർ പടയണി കാവിൽ നാലുദിവസം നീണ്ടു നിന്ന കാവുണർത്തലിന് ശേഷം കരിയും കുരുത്തോലയുമെടുത്ത് ചൂട്ടുകറ്റ വെളിച്ചത്തിൽ കോലങ്ങൾ എത്തി തുടങ്ങും. കുന്നിലമ്മയുടെ ഉത്സവത്തിന്റെ ഭാഗമായിട്ടുള്ള കൊടിയേറ്റ് രാവിലെ 10നും 10.40നും മദ്ധേ കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്തിൽ നടക്കും. കൊവിഡ് നിയന്ത്രണമുള്ളതിനാൽ ആചാരപരമായ ക്ഷേത്ര ഉത്സവ ചടങ്ങുകൾ മാത്രമായിരിക്കും നടക്കുന്നത്. ഇതിന്റെ ഭാഗമായിട്ട് പടയണിയിൽ ഈ വർഷം നടത്താനിരുന്ന കൂട്ടക്കോലങ്ങൾ എല്ലാം തന്നെ വരും വർഷങ്ങളിലേക്ക് മാറ്റി അനുഷ്ടാനത്തിന്റെ ഭാഗമായിട്ട് നടക്കുന്ന കോലങ്ങൾ മാത്രം ഉൾകൊള്ളിച്ച് ജനകീയ പങ്കാളിത്തം ഒഴിവാക്കിയാണ് പടയണി ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. വല്യപടയണി ദിനമായ മാർച്ച് ഒന്നിന് പടയണി ചടങ്ങുകൾക്ക് ശേഷം കൊട്ടികയറ്റത്തോടെ ചൂട്ടുകറ്റയിൽ പുറത്തിറങ്ങിയ ദേവിയെ തിരികെ ശ്രീകോവിലിലേക്ക് ചൂട്ടു കറ്റയിൽ തന്നെ കയറ്റുന്നതോടെ ഈ വർഷത്തെ പടയണി ചടങ്ങുകൾക്ക് പരിസമാപ്തിയാകും.