തിരുവല്ല: തിരുവല്ല - ചങ്ങനാശേരി നഗര ശുദ്ധജല വിപുലീകരണ പദ്ധതിയിലെ തിരുമൂലപുരത്തെ ശുദ്ധജല സംഭരണി ഇന്ന് കമ്മിഷൻ ചെയ്യും. കിഫ്ബി വഴി 58 കോടി രൂപ ചിലവിട്ട്, ജലസേചന വകുപ്പ് നിർമ്മിച്ച, തിരുവല്ല - ചങ്ങനാശേരി നഗരസഭകൾക്കായുള്ള ശുദ്ധജല വിപുലീകരണ പദ്ധതിയുടെ ഒന്നും രണ്ടും പക്കേജുകളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് തിരുമൂലപുരത്ത് മന്ത്രി കൃഷ്ണൻകുട്ടി നിർവ്വഹിക്കും. തിരുമൂലപുരത്ത് നിർമ്മിച്ച 15ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഉന്നതതല ജലസംഭരണിയും തിരുവല്ല - കല്ലിശേരി 25 എം.എൽ.ഡി ജലശുദ്ധീകരണ ശാലയുടെ വിപുലീകരണവും അനുബന്ധ പ്രവർത്തികളും, പുതിയ 10 എം.എൽ.ഡി ശുദ്ധീകരണശാലയും തിരുവല്ലയിലെ 33 എം.എൽ.ഡി ശുദ്ധീകരണശാല നവീകരണവും ഇതിൽ ഉൾപ്പെടുന്നു. മാത്യു ടി തോമസ് എം.എൽ.എ അധ്യക്ഷനാകും. ആന്റോ ആൻ്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. കടുത്ത ജലക്ഷാമം നേരിടുന്ന തിരുമൂലപുരം, തുകലശേരി ഭാഗങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് ഈ പദ്ധതി പൂർത്തീകരണത്തിലൂടെ ശാശ്വത പരിഹാരമാകുകയാണ്. 24.29 കോടി രൂപയാണ് ഒന്നും രണ്ടും പാക്കേജുകളുടെ അടങ്കൽതുക. 5 പാക്കേജുകളുള്ള പദ്ധതി പൂർണമാകുമ്പോഴേക്കും 1.57 ലക്ഷം ജനങ്ങൾക്കാണ് ഇത് ഗുണമാകുന്നത്. മൂന്നാം പാക്കേജിൽ കുറ്റൂർ,തിരുവൻവണ്ടൂർ പഞ്ചായത്തുകളിലേക്കുള്ള 15 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഉന്നതതല സംഭരണിയും വിതരണ ശൃംഖലയും, പമ്പിംഗ് ചെയിനുമാണ്. ഇതിൻ്റെ ടെൻഡർ ക്ഷണിച്ചു. പ്രവർത്തി ഉടൻ ആരംഭിക്കും. നാലാം പാക്കേജിൽ കറ്റോട് - തിരുവല്ല - കല്ലിശേരി എന്നിവിടങ്ങളിലേക്കുള്ള ട്രാൻസ്ഫോർമറുകളും പമ്പുസെറ്റും അനുബന്ധ പ്രവർത്തികളുമാണ്. ടെൻഡർ നടപടി പൂർത്തീകരിച്ചു കഴിഞ്ഞു. അഞ്ചാം പാക്കേജ് കറ്റോട് -തിരുവല്ല - കല്ലിശേരി പവർ അലോക്കേഷനാണ്. ഇതിനുള്ള ഫണ്ട് കെ.എസ്.ഇ.ബിയിൽ അടച്ചു. തുടർ നടപടി ഉടൻ ആരംഭിക്കും.