unni
ആറന്മുള ഉണ്ണി

പത്തനംതിട്ട : സൈന്യത്തിലെ ജോലി ഉപേക്ഷിച്ച് സിനിമാക്കാരനായ ആറന്മുള ഉണ്ണി അവശനിലയിൽ കരുണാലയത്തിൽ അഭയംതേടി.

ആറന്മുളയിലെ ഉന്നത കുടുംബത്തിൽ ജനിച്ച ഉണ്ണിയുടെ മനസുനിറയെ

സിനിമയായിരുന്നു. സിനിമക്കാരുടെ സംഗമകേന്ദ്രമായ ആർ.കെ ലോഡ്ജിലേക്ക് കുടിയേറിയ ഉണ്ണി 1984 ൽ രതീഷും മമ്മൂട്ടിയും അഭിനയിച്ച എതിർപ്പുകൾ എന്ന സിനിമ സംവിധാനം ചെയ്തു. ഈ സിനിമയിലൂടെയാണ് ഉർവശിയും അരങ്ങേറ്റം കുറിക്കുന്നത്. 1987ൽ സ്വർഗമെന്ന സിനിമയും ഉണ്ണിയുടെതായി ഇറങ്ങി. കഥ, തിരക്കഥ, നിർമ്മാണം, സംവിധാനം, ഗാനരചന എല്ലാം ആറൻമുള ഉണ്ണി ആയിരുന്നു. എന്നാൽ സിനിമകൾ സാമ്പത്തിക നേട്ടമുണ്ടാക്കിയില്ല. കണക്കുകൂട്ടലുകൾ തെറ്റി കടം പെരുകിയതോടെ കുടുംബ സ്വത്തുക്കൾ വിൽക്കേണ്ടി വന്നു, ജീവിതം പ്രതിസന്ധിയിലായി. ഒടുവിൽ മമ്മൂട്ടിയെ കണ്ട് സങ്കടങ്ങൾ പറഞ്ഞു. പലരും മടിച്ചു നിന്ന കാലത്ത് തനിക്ക് അവസരം നൽകിയ ഉണ്ണിയെ മമ്മൂട്ടി കൈവിട്ടില്ല. മമ്മൂട്ടിയുടെ എറണാകുളത്തെ ഓഫീസിന്റെ ചുമതല ഉണ്ണിക്ക് നൽകി.

എന്നാൽ പ്രായാധിക്യ രോഗങ്ങളാൽ കഴിഞ്ഞ നാലു മാസമായി അവിവാഹിതനായ ഉണ്ണി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രി ചെലവുകൾ സിനിമാതാരങ്ങളായ മമ്മൂട്ടിയും സുരേഷ് ഗോപിയുമാണ് നൽകിയത്. രോഗത്തിന് കുറവുണ്ടായപ്പോൾ ആറന്മുളയിലെ കുടുംബവീട്ടിൽ എത്തിച്ചെങ്കിലും പ്രാഥമിക കൃത്യങ്ങൾ പോലും സ്വയം നിർവഹിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. ദുരിതം മനസിലാക്കിയ വാർഡ് മെമ്പർ രമാദേവി വിവരം ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് കിടങ്ങന്നൂർ കരുണാലയം അമ്മവീട്ടിൽ അഭയമൊരുക്കുകയായിരുന്നു.