പത്തനംതിട്ട: കാർഷിക മേഖലയ്ക്കു പ്രാധാന്യം നൽകി മെഴുവേലി ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു. 17,13,23,154 രൂപ വരവും 16,78,62,000 രൂപ ചെലവും 34,61,154 രൂപ നീക്കിയിരിപ്പുമുള്ള ബ‌ഡ്ജറ്റാണ് ഇത്തവണയുള്ളത്. സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള മൈക്രോവാട്ടർ ഷെഡ് പദ്ധതി നടപ്പിലാക്കുകയാണ് മുഖ്യലക്ഷ്യമെന്ന് പ്രസിഡന്റ് പിങ്കി ശ്രീധർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഒരുലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. നെൽക്കൃഷി, പച്ചക്കറികൃഷി എന്നിവയ്ക്ക് മുഖ്യപരിഗണന നൽകും. പശു,ആട്,പോത്ത്,കോഴി,താറാവ്,മത്സ്യം എന്നിവ വളർത്തി അധിക വരുമാനമുണ്ടാക്കുന്നതിനുള്ള നിർദ്ദേശങ്ങളും ബഡ്ജറ്റിലുണ്ട്. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയുന്നതിന് കൃഷിയിടങ്ങൾക്ക് ചുറ്റും വേലി നിർമിക്കുന്നതിന് 50 ശതമാനം സബ്‌സിഡി ഉറപ്പാക്കും. ഇലവുംതിട്ട പബ്ലിക് മാർക്കറ്റിൽ വികസനം നടത്തുന്നതിനാവശ്യമായ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഷോപ്പിംഗ് കോംപ്ലക്‌സ് കം മാർക്കറ്റ് സ്റ്റാളിന് രണ്ടു കോടി രൂപ കേരള അർബൻ ആൻഡ് റൂറൽ ഡവലപ്‌മെന്റ് ഫിനാൻഷ്യൽ കോർപറേഷനിൽ നിന്നും ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും. ശുചിത്വമിഷനുമായി ചേർന്ന് മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് ഗോവർദ്ധൻ പ്ലാന്റും സ്വീവേജ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റും സ്ഥാപിക്കും. പട്ടികജാതി ക്ഷേമം ഉറപ്പാക്കുക എല്ലാ വാർഡിലും കളിസ്ഥലങ്ങൾ നിർമിക്കുക തുടങ്ങിയ പദ്ധതികൾക്ക് ഊന്നൽ നൽകിയിട്ടുണ്ട്. പഞ്ചായത്തിന്റെ എല്ലാ പ്രവൃത്തികളും സോഷ്യൽ ഓഡിറ്റിന് വിധേയമാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് അനില ചെറിയാൻ, സെക്രട്ടറി ആർ.സേതു, വി.വിനോദ് എന്നിവരും പങ്കെടുത്തു.

കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കിണർ റീചാർജിംഗ്, കിണറിന്റെ ആഴം കൂട്ടൽ, മഴക്കുഴികൾ എന്നിവ നടപ്പിലാക്കും. പൈപ്പ്‌ലൈൻ സ്ഥാപിക്കാത്ത ഇടങ്ങളിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ ജലജീവൻ പദ്ധതിയുമായി സഹകരിച്ച് നടപടികൾ സ്വീകരിക്കും. രോഗനിർണയ ക്യാമ്പുകൾ സംഘടിപ്പിച്ച് കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ നേരത്തെ കണ്ടെത്തി നടപടികൾ സ്വീകരിക്കും. വയോജനപരിപാലനം, പാലിയേറ്റീവ് എന്നിവയ്ക്ക് കൂടുതൽ ശ്രദ്ധ നൽകും.