covid-test

പത്തനംതിട്ട: ജില്ലയിൽ ആളുകൾ കൂടുന്ന കടകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കൊവിഡ് റാൻഡം പരിശോധന നടത്തും. ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. കൊവിഡ് കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത് കണക്കിലെടുത്താണ് ഷോപ്പിംഗ് മാളും ഓഫീസ് സമുച്ചയങ്ങളും കേന്ദ്രീകരിച്ച് റാൻഡം പരിശോധന നടത്തുന്നത്.
കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് പരിശോധിക്കുന്ന സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ എണ്ണം 36ൽ നിന്ന് 100 ആയി ഉയർത്തും. പരിശോധനയ്ക്ക് പോകുന്ന പൊലീസുകാരുടെ എണ്ണവും ആനുപാതികമായി ഉയർത്തും. കൊവിഡ് പശ്ചാത്തലത്തിൽ ആളുകൾ കൂടുന്ന മാളുകൾ, കടകൾ തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന കൂടുതൽ ശക്തമാക്കും. കൊവിഡ് പ്രോട്ടോക്കോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികൾ പാലിക്കുന്നത് ഉറപ്പുവരുത്താൻ സർവകക്ഷിയോഗം വിളിക്കും. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത നഗരസഭകളിലും 10 ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക ശ്രദ്ധ നൽകി ആരോഗ്യ വകുപ്പും പഞ്ചായത്ത് വകുപ്പും മറ്റു വകുപ്പുകളും നടപടികൾ സ്വീകരിക്കണം. കൊവിഡ് ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും.
യോഗത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വൈസ് ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ.ഐ ജ്യോതിലക്ഷ്മി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ്.ശ്രീകുമാർ, ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ് നന്ദിനി തുടങ്ങിയവർ പങ്കെടുത്തു.