കോന്നി : കാർഷിക മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകി പ്രമാടം ഗ്രാമപഞ്ചായത്തിൽ 21.34 കോടി രൂപ വരവും 20.24 കോടി രൂപ ചെലവും 1.10 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അമൃത സജയാനാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ പരിപാരികളിലൂടെ 10 ലക്ഷം രൂപ സ്വരൂപിക്കും. പഞ്ചായത്ത് ഓഫീസ് നവീകരിക്കുന്നതിനും ഫ്രണ്ട് ഓഫീസ് ആധുനിക വത്കരണം, പഞ്ചായത്തിന് വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ ഭരണ നിർവഹണത്തിന് 2.07 കോടി രൂപയും വകയിരുത്തി. കാർഷികോല്പാദനത്തിൽ സ്വയം പര്യാപ്തത നേടാനും സമ്പൂർണ തരിശ് രഹിത പഞ്ചായത്താക്കി മാറ്റാനും ജഡ്ജറ്റ് ലക്ഷ്യമിടുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ കർഷകർക്ക് സൗരോർജ്ജ വേലി നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപ വകയിരുത്തി. പശു,ആട് ,കോഴി വളർത്തൽ,ക്ഷീര കർഷകർക്ക് പാൽ, കാലിത്തീറ്റ സബ്സിഡി എന്നിവയ്ക്ക് തുക ഉൾക്കൊള്ളിച്ചു.തൊഴിൽ സംരംഭങ്ങൾ തുടങ്ങും. മാലിന്യ നിർമ്മാർജ്ജനം, ഭവന നിർമാണം,ആരോഗ്യം,വിദ്യാഭ്യാസം,കായികം,സാമൂഹ്യ സുരക്ഷ, ഗ്രാമ ചന്തകളുടെ നവീകരണം, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, ശുദ്ധജല വിതരണ പദ്ധതികൾ തുടങ്ങിയവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.