തിരുവല്ല: നഗരത്തിന്റെ സമഗ്രവികസന പദ്ധതികൾക്ക് പ്രാമുഖ്യം നൽകി തിരുവല്ല നഗരസഭയുടെ 2021-22ലെ ബഡ്ജറ്റ് നഗരസഭാ ഉപാദ്ധ്യക്ഷൻ ഫിലിപ്പ് ജോർജ്ജ് അവതരിപ്പിച്ചു. മുൻനീക്കിയിരുപ്പ് ഉൾപ്പെടെ 97കോടി വരവും 89.28കോടി ചെലവും 7.91കോടി മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. നികുതി വർദ്ധനവ് പ്രതീക്ഷിച്ച് രണ്ടുകോടി രൂപയുടെ അധികവരുമാനം ബഡ്‌ജറ്റ് ലക്ഷ്യമിടുന്നു. നഗരസഭാദ്ധ്യക്ഷ ബിന്ദുജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
ഹാളും മാളും ഇടത്താവളവും
വിവിധ ഷോപ്പിംഗ് കോംപ്ലക്സുകൾ നിർമ്മിക്കാൻ 12.32കോടി വകയിരുത്തി. രാമപുരം മാർക്കറ്റ്, തിരുമൂലപുരം, ബൈപ്പാസ് റോഡിൽ സ്റ്റേഡിയത്തിന് സമീപം എന്നിവിടങ്ങളിൽ ഷോപ്പിംഗ് കോംപ്ലക്സുകൾ, പഴയ ടൗൺ ഹാൾ പൊളിച്ച് ആധുനിക ടൗൺ ഹാൾ, ഇടത്താവളം എന്നിവ നിർമ്മിക്കും.
സ്റ്റേഡിയവും നീന്തൽക്കുളവും മിനുക്കാൻ 10കോടി
നഗരസഭാ സ്റ്റേഡിയം നവീകരിക്കാനും സ്വിമ്മിംഗ് പൂൾ പ്രവർത്തക്ഷമമാക്കാനുമായി 10കോടിയും നഗര സൗന്ദര്യവൽക്കരണത്തിന് 1.5കോടിയും വകയിരുത്തി. കൃഷിക്ക് 1.22കോടി നീക്കിവച്ചു. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്,മേശ,കസേര എന്നിവ അനുവദിക്കും.എല്ലാ വാർഡുകളിലെയും റോഡ്,പാലം,കലുങ്ക് എന്നിവയുടെ നിർമ്മാണം/നവീകരണം എന്നിവയ്ക്കായി 12.92കോടി ചെലവഴിക്കും.
നഗരത്തിലും നാലുമണിക്കാറ്റ്
നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നാലുമണിക്കാറ്റ് പദ്ധതി നടപ്പാക്കാൻ 15ലക്ഷം വകയിരുത്തി. ആഞ്ഞിലിമൂട് പുഷ്പഗിരി റോഡിൽ ബഥനി ആശ്രമം ജംഗ്‌ഷൻ മുതൽ ബോധന ജംഗ്‌ഷൻ വരെയും സെന്റ് ജോസഫ് ചർച്ച് വരെയും ബൈപ്പാസ് റോഡിന്റെ വശങ്ങളിലും നാട്ടുകടവിലും പദ്ധതി നടപ്പാക്കും.
തലചായ്ക്കാൻ 6.6കോടി
സമ്പൂർണ പാർപ്പിട പദ്ധതിക്കായി 6.6കോടിയും സമ്പൂർണ കുടിവെള്ള വിതരണത്തിന് 1.075കോടിയും സമ്പൂർണ ആരോഗ്യ പരിപാടിക്കായി 1.64കോടിയും ചെലവഴിക്കും. ഹൈമാസ്റ്റ്, എൽ.ഇ.ഡി തെരുവ് വിളക്കുകൾ, പരിപാലനം എന്നിവയ്ക്കായി 1.41കോടിയും നീക്കിവച്ചു. മാലിന്യ ശുചീകരണ സംസ്‌കരണ പരിപാടികൾക്ക് 3.4കോടി,പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് 1.47കോടി,ദുരന്തനിവാരണം 60ലക്ഷം, മാതൃശിശുസംരക്ഷണത്തിന് 1.53കോടി, പട്ടികജാതി,പട്ടികവർഗക്ഷേമം1.68കോടി എന്നിങ്ങനെ ചെലവാക്കും.
നഗരസഭയുടെ ബഡ്‌ജറ്റിൽ പുതിയ പദ്ധതികളൊന്നുമില്ല. മുൻവർഷത്തെ ബഡ്‌ജറ്റ് അതുപോലെ പകർത്തി വായിക്കുകയായിരുന്നു. ഇത്രയും പദ്ധതികൾ നടത്താനുള്ള വരവ് ബഡ്‌ജറ്റിലില്ല. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വെറും ജലരേഖകളായ പ്രഖ്യാപനങ്ങൾ മാത്രമാണ്. പ്രൈവറ്റ് ബസ്റ്റാന്റിനെക്കുറിച്ചോ ബൈ റോഡുകളുടെ സംരക്ഷണത്തിനോ ഒന്നുമില്ല. പൊതുജനങ്ങൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുവാനുള്ള നടപടികളുമില്ല.
പ്രദീപ് മാമ്മൻ മാത്യു
(എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ)