കടമ്പനാട് : ബസ് സ്റ്റാന്റിനായി കടമ്പനാടിന്റെ കാത്തിരിപ്പ് തുടരുന്നു. പദ്ധതി പോലും ഇല്ലാതെ ജനപ്രതിനിധികൾ. അടൂർ - ചവറ സംസ്ഥാന പാതയിലെ ചെറു ടൗണാണ് കടമ്പനാട് . കടമ്പനാട് ജംഗ്ഷനിൽ നിന്നാണ് കടമ്പനാട് - ഏനാത്ത് - ഏഴംകുളം മിനാ ഹൈവേ ആരംഭിക്കുന്നത്. ഏനാത്ത് നിന്നും അടൂരിൽ നിന്നും കരുനാഗപള്ളിക്ക് വരുന്ന വാഹനങ്ങളും കടമ്പനാട്ട് എത്തി ചക്കുവള്ളി വഴിയാണ് പോകുന്നത്. അൻപതിലധികം സ്വകാര്യ ബസുകളും നിരവധി കെ.എസ് ആർ.ടി.സി ബസുകളും ഇതു വഴി സർവീസ് നടത്തുന്നു. ശാസ്താംകോട്ട, ചവറ, ഭാഗത്തേക്കും, ഭരണിക്കാവ് - കുണ്ടറ ഭാഗത്തേക്കും , ഏനാത്ത് - കൊട്ടാരക്കര, പട്ടാഴി, ഏഴംകുളം, അടൂർ ഭാഗത്തേക്കും ഇവിടെ നിന്ന് ബസ് സർവീസുകൾ ഉണ്ട്. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഗോവിന്ദപുരം പബ്ളിക് മാർക്കറ്റും ജംഗ്ഷനോട് ചേർത്തു തന്നെ പ്രവർത്തിക്കുന്നു. നൂറ് കണക്കിന് യാത്രക്കാരാണ് ദിനം തോറും ഇവിടെവന്നു പോകുന്നത്. ആഴ്ചയിൽ രണ്ട് ദിവസമാണ് ചന്ത പ്രവർത്തിക്കുന്നത്. വീതികുറഞ്ഞ റോഡിൽ നിറുത്തിയാണ് ബസുകൾ യാത്രക്കാരെ കയറ്റിയിറക്കുന്നത്. ജംഗ്‌ഷനോട് ചേർന്നുള്ള പ്രധാന റോഡരികിൽ തന്നെയാണ് ഓട്ടോ സ്റ്റാന്റ്, ടാക്സി സ്റ്റാന്റ് എന്നിവയും ഉള്ളത്. ഇതു കാരണം ഗതാഗത കുരുക്കും രൂക്ഷമാണ്. ബസ് സ്റ്റാന്റ് വേണമെന്ന ആവിശ്യത്തിന് രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 2005-10-വർഷത്തെ പഞ്ചായത്ത് ഭരണ സമിതി ഗോവിന്ദപുരം മാർക്കറ്റിന്റെ മുൻഭാഗത്തെ ഏതാനും കടകൾ പൊളിച്ച് മാർക്കറ്റിന്റെ സ്ഥലം കൂടി എടുത്ത് ബസ്റ്റാന്റ് നിർമ്മിക്കാൻ പദ്ധതി പ്രഖ്യാപിച്ചു. പക്ഷേ ഒന്നും നടന്നില്ല.
ജനപ്രതിനിധികളും പരിഗണന നൽകിയില്ല
രണ്ട് ഹയർ സെക്കൻഡറി സ്ക്കൂളുകളിലും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. നിരവധി ബാങ്കുകൾ, മറ്റ്സർക്കാർ സ്ഥാപനങ്ങൾ എന്നിവയുമുണ്ട്. മാർക്കറ്റിന്റെ പ്രവർത്തനത്തെ ബാധിക്കാതെ തന്നെ ബസ് സ്റ്റാന്റ് കൂടി ഈ സ്ഥലത്ത് പ്രവർത്തിപ്പിക്കാൻ കഴിയും. 2010ന് ശേഷം വന്ന പഞ്ചായത്ത് ജനപ്രതിനിധികളും എം.എൽ.എ യോ ആരും തന്നെ കടമ്പനാട്ട് ബസ് സ്റ്റാന്റ് എന്ന ആവിശ്യത്തിന് പരിഗണന നൽകിയില്ല എന്നതാണ് യാഥാർത്ഥ്യം.
-അൻപതിലധികം സ്വകാര്യബസുകളും, കെ.എസ്.ആർ.ടി..സിയും സർവീസ് നടത്തുന്നു
-വീതികുറഞ്ഞ റോഡിൽ യാത്രക്കാരെ കയറ്റി ഇറക്കുന്നു
-ഗതാഗതക്കുരുക്ക് രൂക്ഷം