കോന്നി: രാജ്യത്ത് ബി.ജെ.പി സ്വീകരിക്കുന്ന ജനദ്രോഹ നയങ്ങൾക്ക് കോൺഗ്രസ് ഒത്താശ ചെയ്യുകയും മൗനം പാലിക്കുകയുമാണ് ചെയ്യുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയ​റ്റ് അംഗം ബിനോയ് വിശ്വം എം.പി പറഞ്ഞു.നവകേരള സൃഷ്ടിക്കായി വീണ്ടും എൽ.ഡി.എഫ് എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ ദേശീയ സെക്രട്ടേറിയ​റ്റ് അംഗം ബിനോയ് വിശ്വം എം.പി ക്യാപ്റ്റനായുള്ള തെക്കൻ മേഖല വികസന മുന്നേ​റ്റ ജാഥയ്ക്ക് കോന്നിയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ നടക്കുന്ന ഈ വികസന മുന്നേ​റ്റ ജാഥക്ക് ജനങ്ങളുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇടതുപക്ഷം നോക്കുന്നത് ജനങ്ങളുടെ കണ്ണുകളിലേക്കാണ്. കണ്ണുകൾക്ക് ആശയവിനിമയം നടത്താനുള്ള കഴിവുണ്ട്. അഞ്ച് കൊല്ലം എൽ.ഡി.എഫ് ഭരിച്ചാൽ അടുത്ത അഞ്ച് കൊല്ലം കോൺഗ്രസ് ഭരിക്കും എന്നതാണ് കേരളത്തിൽ ജനങ്ങൾക്കിടയിൽ പൊതുവായ ധാരണ. എന്നാൽ ഈ തവണ നമ്മൾ അത് തിരുത്തികുറിക്കും. ഇടത് പക്ഷത്തിന് കേരളത്തിൽ തുടർ ഭരണമാണ് ഉണ്ടാകാൻ പോകുന്നത്. കോൺഗ്രസും ബി.ജെ.പിയും തമ്മിൽ അവിശുദ്ധ ബന്ധം തുടരുകയാണ്. രാജ്യത്ത് ബി.ജെ.പി സർക്കാർ തൊഴിലാളി സമൂഹത്തെ അടിച്ചമർത്തുമ്പോളും ജനപക്ഷ വിരുദ്ധമായ നടപടികൾ സ്വീകരിക്കുമ്പോളും രാജ്യത്ത് ബി.ജെ.പിക്ക് എതിരെ കോൺഗ്രസ് മൗനം പാലിക്കുകയാണെന്നും ഇ.ശ്രീധരൻ ഒരിക്കൽ ബി.ജെ.പിയെക്കുറിച്ച് ഓർത്ത് ദു:ഖിക്കുമെന്നും അദ്ദേഹം പറഞ്ഞു.